photo
ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ അനുസ്മരണവും എൻഡോവ്മെന്റുകളുടെ വിതരണവും പ്രതിഭാ സംഗമവും സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി : ആലുംകടവ് ബോധോദയം ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ അനുസ്മരണവും എൻഡോവ്മെന്റുകളുടെ വിതരണവും പ്രതിഭാ സംഗമവും സംഘടിപ്പിച്ചു. ഗ്രന്ഥശാല അങ്കണത്തിൽ നടന്ന പരിപാടി സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ബി.ആനന്ദൻ അദ്ധ്യക്ഷനായി. സെക്രട്ടറി എൻ.ഉത്തമൻ സ്വാഗതം പറഞ്ഞു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു അവാർഡുകൾ വിതരണം ചെയ്തു. നഗരസഭ കൗൺസിലർ സീമാസഹജൻ, താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്രിയംഗം എം.സുരേഷ് കുമാർ, കെ.മഹേന്ദ്ര ദാസ്, സുദർശനൻ, എസ്.എം.മനോജ് മുരളി തുടങ്ങിയവർ സംസാരിച്ചു. വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പ്രതിഭകളെയും വനിതാ വയോജന പുസ്തക വിതരണ പദ്ധതിയിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച വീട്ടമ്മയെയും ചടങ്ങിൽ ആദരിച്ചു.