കൊല്ലം: കലോത്സവം കൂടാനെത്തുന്നവർ 'അണ്ണാ' എന്ന വിളികേട്ടാൽ തെറ്റിദ്ധരിക്കേണ്ട, അത് സ്നേഹവും ബഹുമാനവുമുള്ള വിളിയാണ്. കൊല്ലത്തുകാർ പ്രധാനമായും മുതിർന്നവരെ വിളിക്കാൻ ഉപയോഗിക്കുന്ന വാക്കാണത്.
കൂട്ടുകാരാണേൽ 'അളിയാ' എന്ന് വിളിക്കും. പെങ്ങളെ കെട്ടിയ ആളെ മാത്രമല്ല, ഇവിടെ അടുപ്പക്കാരെല്ലാം അളിയൻമാരാണ്!. നടൻ മുകേഷിന്റെ സിനിമാ ഡയലോഗുകളിൽ കൂടി കൊല്ലത്തിന്റെ ഭാഷാ ശൈലി ഒട്ടുമിക്കയാളുകൾക്കും സുപരിചിതമാണ്. എന്നാലും പെട്ടെന്നൊരു 'അണ്ണാ' വിളികേട്ടാൽ കയർക്കാൻ നിൽക്കേണ്ട!.
ഒരുകാര്യം പറഞ്ഞാൽ വ്യക്തമായില്ലേൽ 'എന്തുവാ' എന്ന് ചോദിക്കും. എന്താണ് എന്ന് ചോദിക്കാൻ ആരും തയ്യാറാകില്ല. പരവൂർ സൈഡിലൊക്കെ ചെന്നാൽ 'എന്തര്' എന്നാകും ചോദ്യം. അവനെ ലവനെന്നും അവളെ ലവളെന്നും സംബോധന ചെയ്യും. അടുത്ത് നിൽക്കുന്നയാളെ ചിലപ്പോൾ 'ഡേയ്' എന്ന് വിളിക്കും. എന്തെങ്കിലും കൂടുതലായി വേണമെങ്കിൽ തോനേം വേണമെന്നാണ് പറയുക.
ബഹളം കാട്ടിയാൽ 'അലമ്പ്', ബസിലെ തിരക്കിന് 'തള്ള്', ഓട്ടോറിക്ഷയ്ക്ക് 'ഓട്ടോ' എന്നിങ്ങനെ നീളും കൊല്ലം വാക്കുകൾ. ദാണ്ടെ, ദോണ്ടെ, അങ്ങോട്ട്, ഇങ്ങോട്ട്, അക്കരെ ഇതൊക്കെ ഇടയ്ക്ക് കേൾക്കാം. ഹോട്ടലിൽ കയറുമ്പോൾ സൂക്ഷിക്കുക, പത്തിരിയും പൊറോട്ടയും ഇവിടെ ഒന്നാണ്. അരിപ്പത്തിരി വേണമെങ്കിൽ അങ്ങിനെ ചോദിച്ചുവാങ്ങണം. ചാളയും മത്തിയും രണ്ടാണ്.
ഇനി പ്രതീക്ഷിക്കാത്ത ഒരാളിൽ നിന്ന് എന്തെങ്കിലും സംഭവം ഉണ്ടായാൽ 'വല്ലാത്ത ചെയ്ത്തായിപ്പോയി' എന്ന് പറയും. കലോത്സവം കണ്ടുകൊണ്ടിരിക്കുമ്പോൾ ചാറ്റൽ മഴ ഉണ്ടായാൽ 'മഴ പൊടിക്കുന്നു' എന്ന് പറയും. കൊല്ലം പട്ടണത്തോട് ചേരുന്ന കടപ്പുറം മേഖലയിൽ ഭാഷയ്ക്ക് കുറച്ചൂടെ മാറ്റമുണ്ട്. പോർച്ചുഗീസ്, ഡച്ച്, ഇംഗ്ളീഷ്, സ്പാനിഷ്, ചൈനീസ്, അറബിക് ഭാഷകളുടെ സ്വാധീനം ഇപ്പോഴും അലയടിക്കുന്നുണ്ട്. ജില്ലയുടെ കിഴക്കൻ മേഖലയിലേക്ക് കടന്നാൽ തമിഴ് ചുവയുമുണ്ടാകും. ഭാഷയുടെ പ്രയോഗത്തിൽ വ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും ഇവിടുത്തെ അണ്ണന്മാരും അക്കമാരും സ്നേഹമുള്ളവരാണ്.