ചവറ: നവീകരണത്തിന്റെ ഭാഗമായി ദേശീയപാതയിൽ നീണ്ടകര വേട്ടുതറയിൽ അടിപ്പാത വേണമെന്ന ആവശ്യം ശക്തം. ദേശീയപാതയിൽ നിന്ന് പ്രധാന പാതയായ വേട്ടു തറ- ദളവാപുരഭാഗം വഴി തെക്കുംഭാഗം, തേവലക്കര ശാസ്താംകോട്ട പോകുന്ന പ്രധാന റോഡാണിത്. അതോടൊപ്പം ശാസ്താംകോട്ട വഴി കൊല്ലത്ത് എത്തിച്ചേരുന്ന ഈ റോഡിൽ കെ.എസ്. ആർ .ടി.സി ഉൾപ്പെടെ നുറുകണക്കിന് വാഹനങ്ങളും ആയിരക്കണക്കിന് സഞ്ചാരികളും ഉണ്ട്. ഇക്കാര്യങ്ങളറിയുന്ന അധികാരികളും ഉദ്യോഗസ്ഥരും നടത്തുന്ന ഇരട്ടത്താപ്പ് നയത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.
ഇന്ന് രാവിലെ 11ന് വേട്ടു തറയിൽ പ്രതിഷേധ യോഗം
വേട്ടു തറയിൽ അണ്ടർ പാസേജ് വേണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇന്ന് രാവിലെ 11ന് വേട്ടു തറയിൽ സർവകക്ഷി യോഗത്തിന്റെ നേതൃത്വത്തിൽ തേവലക്കര, തെക്കും ഭാഗം, നീണ്ടകര പഞ്ചായത്തുകളിലെ ആയിരങ്ങൾ പങ്കെടുക്കുന്ന ജനകീയ കൂട്ടായ്മ നടക്കും. ദേശീയപാത 66-ൽ നവീകരണത്തിന്റെ ഭാഗമായി ദേശീയപാതാ അതോറിട്ടി ഏറ്റവും ആദ്യം തയ്യാറാക്കിയിരുന്ന പ്ലാൻ മാറ്റിയതിനുള്ള ശക്തമായ പ്രതിഷേധം സർവ്വകഷി യോഗത്തിന്റെ കൂട്ടായ്മയിൽ ഉയരും. വേട്ടു തറയിൽ പൊതുമരാമത്ത് വകുപ്പ് സ്ഥലം ഏറ്റെടുക്കുന്ന നടപടികൾ സ്വീകരിച്ചു വരുന്ന ഈ ഘട്ടത്തിൽ ദേശീയപാത അതോറിട്ടിയുടെ ഉന്നത ഉദ്യാഗസ്ഥർ സ്ഥലം എം.പി എൻ.കെ.പ്രേമചന്ദ്രൻ ,എം.എൽ.എമാരായ ഡോ.സുജിത്ത് വിജയൻ പിള്ള, കോവൂർ കുഞ്ഞുമോൻ എന്നിവരും വിവിധ രാഷ്ട്രീയ പാർട്ടിയിലെ പ്രമുഖരും നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തും.