കരുനാഗപ്പള്ളി: കാരംസ് കളിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന്റെ തലയ്ക്കടിച്ച് പരിക്കൽപ്പിച്ച യുവാവ് അറസ്റ്റിൽ. തൊടിയൂർ, വേങ്ങറ കടത്തുകടയിൽ വീട്ടിൽ ശ്രീക്കുട്ടൻ (30) ആണ് സുഹൃത്തായ ശ്രീനാഥിനെ ആക്രമിച്ചതിന് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6.30 ഓടെ ശ്രീനാഥും കൂട്ടുകാരും മാലുമേൽ ക്ഷേത്ര ഗ്രൗണ്ടിൽ കാരംസ് കളിക്കുകയായിരുന്നു. കളിക്കിടയ്ക്ക് കോയിൻ പുറത്തു പോയത് ഇഷ്ടപ്പെടാഞ്ഞ ശ്രീക്കുട്ടൻ ശ്രീനാഥിനെ ചീത്തവിളിച്ചതാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കളിനിറുത്തി മാറിയിരുന്ന ശ്രീനാഥിനെ ശ്രീക്കുട്ടൻ തന്റെ സ്കൂട്ടറിൽ ഇരുന്ന ചുറ്റിക എടുത്തുകൊണ്ട് വന്ന് അടിക്കുകയായിരുന്നു. കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഷിഹാസ്, ഷെമീർ, ഷാജിമോൻ, എ.എസ്.ഐ ജോയി, എസ്.സി.പി.ഒ മാരായ ഹാഷിം, രാജീവ്കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.