കൊല്ലം: പുതുവത്സരാഘോഷവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിച്ച പ്രതികളിലൊരാൾ അറസ്റ്റിലായി. ചവറ, പാലമൂട്ടിൽ,അനീഷ് (29) ആണ് ചവറ പൊലീസിന്റെ പിടിയിലായത്.
ഇന്നലെ പുലർച്ചെ 1.15 മണിയോടെ കുരുശുംമൂട് പടന്നയിൽ വെച്ച് സ്പീക്കറിൽ ഉച്ചത്തിൽ പാട്ട് വെച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ചവറ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചിരുന്നു. തുടർന്ന് ഇത് അന്വേഷിക്കാനായി സംഭവ സ്ഥലത്തെത്തിയ പൊലീസ് സംഘം ശബ്ദം കുറയ്ക്കാൻ ആവശ്യപ്പെട്ടു. എന്നാൽ പ്രതികൾ പൊലീസ് ഉദ്യോഗസ്ഥരെ ചീത്തവിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. അക്രമകാരികളായ പ്രതികളെ പൊലീസ് ജീപ്പിൽ കയറ്റുന്നതിനിടയിൽ അനീഷ് വാഹനത്തിന്റെ ഗ്രില്ലുകളും വാതിലും കണ്ണാടിയും അടിച്ച് തകർത്തു. മറ്റുള്ള പ്രതികൾ ഓടി രക്ഷപ്പെട്ടെങ്കിലും അനീഷിനെ പൊലീസ് സംഘം പിടികൂടി.