ഈ മാസം പൂർത്തിയാവില്ലെന്നുറപ്പ്
കൊല്ലം: മന്ത്രി എം.ബി. രാജേഷ് സ്ഥലം സന്ദർശിച്ച് അന്ത്യശാസനം നൽകിയിട്ടും കുരീപ്പുഴ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം ഇഴയുന്നു. ഈ മാസം 17ന് പ്ലാന്റിന്റെ കമ്മിഷനിംഗ് മന്ത്രി പ്രഖ്യാപിച്ചെങ്കിലും അതിനുള്ളിൽ നിർമ്മാണം പൂർത്തിയാകുന്ന ലക്ഷണമില്ല. നവകേരള സദസിന്റെ ഭാഗമായി കൊല്ലത്തെത്തിയപ്പോഴാണ് മന്ത്രി ട്രീറ്റ്മെന്റ് പ്ളാന്റിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തിയത്.
നിശ്ചിത സമയത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചിരുന്നു. കുറഞ്ഞത് 70 തൊഴിലാളികളെങ്കിലും ഉണ്ടെങ്കിലേ നിശ്ചയിച്ച തീയതിയിൽ നിർമ്മാണം പൂർത്തിയാവുകയുള്ളൂ. എന്നാൽ 25 തൊഴിലാളികളെ മാത്രമേ ഒരാഴ്ചയായി നിയോഗിക്കുന്നുള്ളൂ. നിലവിലെ അവസ്ഥയിൽ നിർമ്മാണം തീരാൻ ഫെബ്രുവരി പകുതിയോളമാകും. കരാറുകാരന്റെ മെല്ലെപ്പോക്ക് ഇല്ലായിരുന്നെങ്കിൽ പ്ലാന്റ് ഒരു വർഷം മുൻപ് പ്രവർത്തന സജ്ജമാകുമായിരുന്നു.
പ്ലാന്റിലെ നിർമ്മാണ പ്രവൃത്തികൾ 99 ശതമാനം പൂർത്തിയായിട്ടുണ്ട്. ഇലക്ട്രിക്കൽ, മെക്കാനിക്കൽ ഉപകരണങ്ങളിൽ വലിയൊരു വിഭാഗം സ്ഥാപിച്ചു കഴിഞ്ഞു. ഇവയുടെ ഘടകങ്ങൾ സ്ഥാപിക്കലുമായി ബന്ധപ്പെട്ട ഭൂഗർഭ കേബളിംഗ് ആണ് പ്രധാനമായും അവശേഷിക്കുന്നത്. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും കക്കൂസ് മാലിന്യം എത്തിക്കാനുള്ള പൈപ്പ് ലൈൻ ശൃംഖല പാതിവഴിയിൽ നിൽക്കുന്നതിനാൽ പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാകുമ്പോൾ കക്കൂസ് മാലിന്യം ലോറികളിൽ എത്തിച്ചാകും സംസ്കരണം.
പ്രതിദിനം 12 ലക്ഷം എം.എൽ.ഡിയാണ് (മിനിമൽ ലിക്വിഡ് ഡിസ്ചാർജ്) പ്ലാന്റിന്റെ സംസ്കരണ ശേഷി. ലോറികളിൽ ഒരു ദിവസം ഇത്രയധികം കക്കൂസ് മാലിന്യം എത്തിക്കാൻ കഴിയില്ല. അതുകൊണ്ട് ആദ്യഘട്ടത്തിൽ ഒന്നര ലക്ഷം എം.എൽ.ഡി സംസ്കരിക്കാനാണ് ആലോചന. ഇവ ലോറികളിൽ എത്തിച്ച് പത്തിരിട്ടി വെള്ളം കൂടി ചേർത്താകും സംസ്കരണം.
നിർമ്മാണ പുരോഗതി
 2022 ഡിസംബർ: 75 %
 2-23 മേയ് പകുതി: 81 %
 ആഗസ്റ്റ്: 18- 84 %
 നവംബർ: 20 - 85 %
 2024 ജനുവരി 1: 88 %
ബാക്കിയുള്ളത്
 അടിസ്ഥാന നിർമ്മാണങ്ങൾ: 0.5 %
 യന്ത്രങ്ങൾ സ്ഥാപിക്കാനുള്ള വൈദ്യുതീകരണം: 35 %
 യന്ത്രങ്ങൾ ഘടിപ്പിക്കൽ: 80 %