കൊല്ലം: പുതുവർഷം സമാധാനത്തിന്റെയും ശാന്തിയുടെയും നാളുകളാകട്ടേയെന്ന് മാതാ അമൃതാനന്ദമയി ആശംസിച്ചു. പുതുവർഷം സന്തോഷം, ശാന്തി, സ്‌നേഹം, ക്ഷേമം, ഐശ്വര്യം തുടങ്ങി ഭൗതികവും ആത്മീയവുമായ എല്ലാ നന്മകളെയും വർഷിക്കുന്ന വർഷമാകട്ടേയെന്നും അമൃതപുരിയിൽ പുതുവത്സരാഘോഷത്തിൽ നൽകിയ സന്ദേശത്തിൽ മാതാ അമൃതാനന്ദമയി പറഞ്ഞു.

കാലചക്രം സദാ കറങ്ങുന്നതും ആഴ്ചകളും മാസങ്ങളും ഋതുക്കളും യുഗങ്ങളും മാറി മാറി വരുന്നതും നമുക്ക് നമ്മെ തന്നെ ഉദ്ധരിക്കാൻ വീണ്ടും വീണ്ടും അവസരം തരാൻ വേണ്ടിയാണ്. തെറ്റുകൾ ചെയ്തുപോയവർക്ക് അത് തിരുത്താനും നന്മകൾ ചെയ്യാൻ മറന്നവർക്ക് അത് ചെയ്യാനും വീണ്ടുമൊരവസരമാണിതെന്നും മാതാ അമൃതാനന്ദമയി കൂട്ടിച്ചേർത്തു. ഞായറാഴ്ച വൈകിട്ട് 5 മുതൽ അമൃതപുരിയിലെ പ്രധാന പ്രാർത്ഥനാ ഹാളിൽ ആരംഭിച്ച പുതുവത്സരാഘോഷങ്ങൾ ഇന്നലെ പുലർച്ചെ 3 വരെ നീണ്ടു. ലോകശാന്തിക്കായുള്ള വിശ്വശാന്തി പ്രാർത്ഥന, ധ്യാനം, ആശ്രമഅന്തേവാസികളും അയുദ്ധ് അംഗങ്ങളും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ എന്നിവയുണ്ടായി. രാത്രി 12ന് മാതാ അമൃതാനന്ദമയി പുതുവത്സരദിന സന്ദേശം നൽകി. തുടർന്ന് ഭജന, പ്രസാദവിതരണം എന്നിവയും നടത്തി.