കൊട്ടാരക്കര : കസ്റ്റഡി വാഹനങ്ങളാൽ റോഡ് നിറഞ്ഞു. കൊട്ടാരക്കര - ഓയൂർ റോഡിൽ ഗതാഗത തടസം രൂക്ഷം. കച്ചേരി മുക്കിൽ നിന്ന് ബോയ്സ് ഹൈസ്കൂൾ ഭാഗം വരെയാണ് റോഡിന്റെ ഇരുവശവും പൊലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങൾ നിരത്തി പാർക്ക് ചെയ്തിട്ടുള്ളത്. അപകടത്തിൽ തകർന്ന വാഹനങ്ങൾ കൂടുതൽ അപകടം ഉണ്ടാക്കും വിധം റോഡിലേക്ക് തള്ളി നില്കുന്നു. പൊലീസ് സ്റ്റേഷൻ, സിവിൽ സ്റ്റേഷൻ, ഡിവൈ.എസ്.പി ഓഫീസ്, ഡയറ്റ്, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, എസ്.സി, എസ്.ടി കോടതി എന്നിവ പ്രവർത്തിക്കുന്ന ഭാഗത്തു റോഡിൽ കസ്റ്റഡി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കൂടുതൽ ബുദ്ധിമുട്ടാകുന്നു.
അധികൃതർ ശ്രദ്ധിക്കുന്നില്ല
വൺ വേ റോഡ് ആയിട്ടും മിക്കവാറും ഇവിടെ വാഹനങ്ങൾ കുടുങ്ങുന്ന അവസ്ഥയുണ്ട്. ഓയൂർ, വെളിയം ഭാഗങ്ങളിൽ നിന്ന് സ്വകാര്യ ബസുകൾ ഉൾപ്പെടെ വരേണ്ട വഴിയുമാണ്. സ്കൂൾ കുട്ടികൾ കടന്നു പോകുമ്പോൾ തകർന്ന വാഹനങ്ങളിൽ കൈ തട്ടിയും മറ്റും മിക്കവാറും പരിക്ക് ഉണ്ടാകാറുമുണ്ട്. എന്നിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ല.
പൊലീസിന് സ്ഥലം ഉണ്ട്
കൊട്ടാരക്കരയിൽ റൂറൽ എസ്.പി ഓഫീസ് പ്രവർത്തിക്കുന്ന വളപ്പിൽ വേണ്ടുവോളം സ്ഥലം ഉണ്ട്. നേരത്തെ സർക്കിൾ ഓഫീസ്, ക്വാർട്ടേഴ്‌സ് എന്നിവ പ്രവർത്തിച്ചിരുന്ന സ്ഥലത്തും വേണ്ടുവോളം സ്ഥലം ഉണ്ട്. കസ്റ്റഡിയിൽ എടുക്കുന്ന വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാവുന്നതാണ്.