കൊല്ലം: കൈക്കുഞ്ഞുമായി യുവതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ പാരിപ്പള്ളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതി പാരിപ്പള്ളി കരിമ്പാളൂരിൽ ചരുവിള പുത്തൻവീട്ടിൽ ദിലീപിനെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടു. കൊല്ലം ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്‌ജി പി.എൻ.വിനോദാണ് ഉത്തരവിറക്കിയത്.
2017ലാണ് ദിലീപും യുവതിയും ഭാര്യാഭർത്താക്കന്മാരായി ദിലീപിന്റെ വീട്ടിൽ താമസം ആരംഭിച്ചത്. ഇവർക്ക് ഒരു മകൾ ജനിച്ചു. 2018 നവംബർ 2ന് യുവതി പത്ത് മാസം പ്രായമുള്ള കുഞ്ഞുമായി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. കുട്ടിയും മരിച്ചു. ദിലീപും യുവതിയും തമ്മിൽ വഴക്കായിരുന്നുവെന്നും ദിലീപാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും ആരോപിച്ചാണ് പാരിപ്പള്ളി പൊലീസ് കേസെടുത്തത്. പ്രതിക്കുവേണ്ടി അഭിഭാഷകരായ കണ്ണനല്ലൂർ എസ്.അബ്‌ദുൽഖരീം, വി.ദീപേഷ് എന്നിവർ കോടതിയിൽ ഹാജരായി.