photo
ലാബിൽ വെള്ളം പരിശോധിക്കുന്നു.

കരുനാഗപ്പള്ളി: ടൗണിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലെ ശുദ്ധജലത്തിന്റെ ഗുണ നിലവാരം പരിശോധിക്കുന്നില്ലെന്ന പരാതി ശക്തമാകുന്നു. വർഷത്തിൽ രണ്ട് തവണ ശുദ്ധജലം പരിശോധിച്ച് ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നാണ് നിലവിലെ നിയമം. എങ്കിൽ മാത്രമേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കടകളുടെ ലൈസൻ പുതുക്കി നൽകുകയുള്ളു. എന്നാൽ ഇപ്പോൾ ഇതെല്ലാം കടലാസ് രേഖകളിൽ മാത്രമായി ഒതുങ്ങുന്നു.

ഉദ്യോഗസ്ഥർ വെള്ളം ശേഖരിക്കാറില്ല

വാട്ടർ അതോറിട്ടിയുടെ ലാബുകളിലോ സർക്കാർ അംഗീകരിച്ച ലാബുകളിലോ ജലം പരിശോധിച്ച് സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടതാണ്. ടൗണിലെ ഹോട്ടലുകൾ, ബേക്കറികൾ, ബോർമ്മകൾ, ശീതളപാനീയ കടകൾ, ആഹാര സാധനങ്ങൾ തയ്യാറാക്കുന്ന സ്ഥാപനങ്ങൾ തുടങ്ങി വെള്ളം ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങളും ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കേണ്ടതാണ്. മുൻ കാലങ്ങളിൽ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ കടകളിൽ എത്തി വെള്ളം കുപ്പികളിൽ ശേഖരിച്ച് സീൽ ചെയ്ത് സർക്കാർ അംഗീകൃത ലാബുകളിലേക്ക് പരിശോധനക്ക് അയ്ക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഉദ്യോഗസ്ഥർ എത്തി വെള്ളം ശേഖരിക്കാറില്ല. ഉദ്യോഗസ്ഥർ സ്ഥാപനങ്ങളിലെത്തി വെള്ളം ശേഖരിച്ച് പരിശോധനക്ക് നേരിട്ട് അയ്ക്കുന്ന മുൻകാല സംവിധാനം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. എങ്കിൽ മാത്രമേ ഭക്ഷ്യവിഷബാധയിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാൻ കഴിയു.

22 ടെസ്റ്റുകൾ നടത്തണം

വാട്ടർ അതോറിട്ടിയുടെ ലാബുകളിൽ 12 ഇനങ്ങളിലുള്ള ടെസ്റ്റാണ് നടത്തുന്നത്. 22 ടെസ്റ്റുകൾ നടത്തിയെങ്കിൽ മാത്രമേ വെള്ളത്തിന്റെ ഗുണ നിലവാരം കൃത്യമായും കണ്ടെത്താൻ കഴിയൂ. വെള്ളത്തിന്റെ എല്ലാ ടെസ്റ്റുകളും ഒരു ലാബിൽ തന്നെ ചെയ്യേണ്ടത് അനിവാര്യമാണ്. എല്ലാ പരിശോധനകളും ഒന്നിലധികം ലാബുകളിൽ ചെയ്താൽ റസൾട്ടിൽ മാറ്റം ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. വെള്ളത്തിൽ അടങ്ങിയിരിക്കുന്ന കോളി ഫോം, ഫീക്കൽ കോളിഫോം, വെള്ളത്തിന്റെ പി.എച്ച്, കടുപ്പം, അയൺ, കാൽത്സ്യം മെഗ്നീഷ്യം തുടങ്ങി എല്ലാ ലവണാംശംങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണം. വെള്ളം ശേഖരിച്ച് കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിൽ മാത്രമേ ജലത്തിന്റെ ഗുണ നിലവാരം കൃത്യമായി കണ്ടെത്താൻ കഴിയുകയുള്ളു.

വ്യാജ സർട്ടിഫിക്കറ്റ്

നിലവിൽ കടയുടമകൾ വെള്ളം കുപ്പികളിൽ ശേഖരിച്ച് പരിശോധനയ്ക്ക് നൽകി സർട്ടിഫിക്കറ്റ് ലൈസൻസിനുള്ള അപേക്ഷയോടൊപ്പം നൽകുന്നതാണ് പതിവ്. ശുദ്ധീകരിച്ച് കുപ്പികളിൽ വില്പനക്കായി കൊണ്ട് വരുന്ന വെള്ളം ചെറു കുപ്പികളിലാക്കി പരിശോധനയ്ക്ക് നൽകി വ്യാജ സർട്ടിഫിക്കറ്റ് കരസ്ഥമാക്കി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുന്ന വിരുതരും കുറവല്ല.