കൊല്ലം: കലയുടെ വലിയൊരു വാതിൽ തുറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ, കലാ പ്രതിഭകളുടെ മോഹന സ്വപ്നമായ സ്വർണക്കപ്പ് കൈയകലത്തേക്ക് എത്തുന്നു. കോഴിക്കോട്ട് നിന്നു ഇന്നലെ ഉത്സവഛായയുള്ള സ്വീകരണ പരിപാടികളോടെയാണ് സ്വർണ്ണക്കപ്പ് കൊല്ലത്തേക്ക് പുറപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്നിന് ജില്ലാ അതിർത്തിയായ ഏനാത്ത് പിന്നിട്ട് കുളക്കട ഗവ.എച്ച്.എസ്.എസിൽ ആദ്യ സ്വീകരണം. പിന്നെ കലാനഗരിയിലേക്ക് പ്രയാണം. ഒന്നിരുട്ടിവെളുത്താൽ കൊല്ലത്ത് സർഗവസന്തത്തിന് തിരിതെളിയും.

മാമ്പഴ മാധുര്യമുള്ള കപ്പ്

മലയാളിക്ക് 'മാമ്പഴം' സമ്മാനിച്ച വൈലോപ്പിള്ളി ശ്രീധരമേനോന്റെ ആശയമാണ് കലോത്സവത്തിലെ സ്വർണക്കപ്പ്. 1985ൽ എറണാകുളത്ത് നടന്ന കലോത്സവത്തിൽ പദ്യപാരായണത്തിനും കവിതാരചനയ്ക്കും അക്ഷര ശ്ളോകത്തിനും വിധികർത്താവായിരുന്നു വൈലോപ്പിള്ളി. തൊട്ടടുത്ത മഹാരാജാസ് സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ ചാമ്പ്യൻമാർക്ക് നൽകുന്ന നെഹ്രു സ്വർണക്കപ്പിനെപ്പറ്റി അദ്ദേഹം കേട്ടിരുന്നു. മത്സരത്തിന്റെ ഇടവേളയിൽ കുശലം ചോദിക്കാൻ അടുത്തെത്തിയ വിദ്യാഭ്യാസ മന്ത്രി ടി.എം.ജേക്കബ്ബിനോട് വൈലോപ്പിള്ളി തന്റെ ആഗ്രഹം അറിയിച്ചു. 'കലോത്സവത്തിനും സ്വർണക്കപ്പ് കൊടുക്കണം, വെറും കപ്പുപോര, 101 പവന്റേത്. എന്റെ ഒരാഗ്രഹമാണ്, വയസുകാലത്തെ ഒരാഗ്രഹം'- വൈലോപ്പിള്ളി പറഞ്ഞപ്പോൾ ടി.എം.ജേക്കബ് ചിരിച്ചുകൊണ്ട് അത് ഉൾക്കൊണ്ടു. 'സാറിന്റെ വാക്ക് പൊന്നായിരിക്കട്ടെ, ഞാൻ ജീവിച്ചിരിക്കുമെങ്കിൽ അടുത്തവർഷം ഒരു പവന്റെ സ്വർണക്കപ്പെങ്കിലും കൊടുത്തിരിക്കും'- ടി.എം.ജേക്കബും പറഞ്ഞു. വൈലോപ്പിള്ളിയുടെ ആശയം അടുത്ത വർഷത്തെ കലോത്സവത്തിൽ സാക്ഷാത്കരിക്കുമെന്ന് ടി.എം.ജേക്കബ് കലോത്സവത്തിന്റെ സമാപന സമ്മേളനത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു.

പവന് 1914 രൂപ!

എന്നാൽ അടുത്ത വർഷം വാഗ്ദാനം നടപ്പാക്കാനായില്ല. 1987ൽ കോഴിക്കോട്ട് നടന്ന 27-ാമത് കലോത്സവത്തിൽ ചാമ്പ്യൻമാരായ തിരുവനന്തപുരം ജില്ല ആദ്യ സ്വർണക്കപ്പിൽ മുത്തമിട്ടു. വൈലോപ്പിള്ളിക്കൊപ്പം വിധികർത്താവായിരുന്ന പ്രശസ്ത ചിത്രകാരനും വിദ്യാരംഗത്തിന്റെ ആർട്ട് എഡിറ്ററുമായിരുന്ന ചിറയിൻകീഴ് ശ്രീകണ്ഠൻ നായരാണ് കപ്പ് രൂപകല്പന ചെയ്തത്. വൈലോപ്പിള്ളിയുടെ ആശയങ്ങൾ ഉൾക്കൊണ്ടായിരുന്നു രൂപകല്പന. പത്തനംതിട്ടയിലെ ഷാലിമാർ ജ്യുവലറിയാണ് കപ്പുണ്ടാക്കാൻ ടെണ്ടർ ഏറ്റെടുത്തത്. കോയമ്പത്തൂർ മുത്തുസ്വാമി കോളനിയിലെ ടി.വി.ആർ. നാഗാസ് വർക്സിനെയാണ് ജോലി ഏൽപ്പിച്ചത്. അഞ്ച് പേർ ചേർന്ന് ഒന്നര മാസംകൊണ്ട് പണി പൂർത്തിയാക്കി. 101 പവനാണ് ഉദ്ദേശിച്ചതെങ്കിലും പൂർത്തിയായപ്പോൾ 117.5 പവൻ ആയി. രണ്ടേകാൽ ലക്ഷം രൂപയാണ് അന്ന് ചെലവായത്. സ്വർണത്തിന്റെ ഇപ്പോഴത്തെ വില അനുസരിച്ച് 55 ലക്ഷത്തിലേറെ ചെലവാകും.