ജി​ല്ലയി​ൽ പ്രതി​ദി​നം പണി​മുടക്കുന്നത് 50ഓളം കെ.എസ്.ആർ.ടി​.സി​ ബസുകൾ

കൊല്ലം: ജില്ലയിൽ സർവീസിനിടെ പണി​മുടക്കി​ പ്രതി​ദി​നം വഴിയിൽ കി​ടക്കുന്നത് 50 ഓളം കെ.എസ്.ആർ.ടി.സി ബസുകൾ. സംസ്ഥാനത്ത് ആകെ അഞ്ഞൂറോളം ബസുകൾ ഇങ്ങനെ എല്ലാ ദി​വസവും യാത്രക്കാരെ വലയ്ക്കുന്നുണ്ട്. ഇക്കാര്യത്തിൽ നേരത്തെ സംസ്ഥാന ശരാശരിയെക്കാൾ പിന്നിലായിരുന്നു കൊല്ലം. എന്നാൽ ഏതാനും മാസങ്ങളായി ഏറ്റവും കൂടുതൽ ബസുകൾ വഴിയിലാകുന്ന ജില്ലകളുടെ പട്ടികയിൽ സ്ഥിരമായി കൊല്ലവും ഉൾപ്പെടുന്നുണ്ട്.

സർവീസിന് അനുയോജ്യമായ ബസുകളുടെ കുറവുമൂലം തട്ടി​ക്കൂട്ടി​ പകരം ഇടുന്നവയാണ് ബ്രേക്ക് ഡൗണായും മറ്റ് തകരാറുകൾ സംഭവിച്ചും വഴിയിൽ കുടുങ്ങുന്നത്. ജില്ലയിൽ ദി​വസവും 550 ഓളം ഷെഡ്യൂളുകളുണ്ട്. ഡിപ്പോകളിൽ നിന്നു സമ്മർദ്ദം ശക്തമാകുമ്പോൾ തട്ടിക്കൂട്ടി തകരാർ പരിഹരിച്ചാണ് ബസുകൾ കൈമാറുന്നത്. ഈ ബസുകൾ ദിവസങ്ങൾക്കുള്ളിൽ വീണ്ടും വഴിയിലാകും. ഇങ്ങനെ ഒരു ബസിന് ഒരാഴ്ച കൊണ്ട് കിട്ടുന്ന ലാഭം ഗ്യാരേജിൽ അറ്റകുറ്റപ്പണിക്കായി ചെലവാകും. കോമൺ പൂൾ സംവിധാനം നിലവിൽ വന്നിട്ടും ആവശ്യമായ സ്പെയർ പാർട്സുകൾ ലഭ്യമാകുന്നില്ലെന്ന് ജീവനക്കാർ പറയുന്നു. ഒരു ബസിൽ നിന്നു മറ്റൊന്നി​ലേക്ക് സ്പെയർ പാർട്സുകൾ ഊരിയിടുന്ന പതിവ് ഇപ്പോഴും തുടരുകയാണ്.

കോമൺപൂൾ വന്നതോടെ കരുനാഗപ്പള്ളി സ്റ്റാൻഡിലെ ബസ് 39 കിലോ മീറ്റർ അപ്പുറമുള്ള ചാത്തന്നൂരിലാണ് അറ്റകുറ്റപ്പണിക്കായി എത്തിക്കേണ്ടത്. അതി​നാൽ ചെറിയ അറ്റകുറ്റപ്പണിയുള്ള ബസ് അന്നത്തെ ദിവസം സർവീസിന് പ്രയോജനപ്പെടില്ല. ബസ് എത്തിക്കാനും തിരിച്ചുകൊണ്ടുവരാനുമായി ഒരു ഡ്രൈവറെ ഡ്യൂട്ടിക്ക് നിയോഗിക്കേണ്ടി വരും.

വഴി​യി​ൽ കി​ടക്കുന്ന വി​ശ്വാസം!

പെരുവഴിയിലാകുന്ന അനുഭവങ്ങൾ തുടർച്ചയായതോടെ പല യാത്രക്കാരും കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ കയറാൻ മടിക്കുകയാണ്. ഉൾപ്രദേശങ്ങളിൽ ഏറെ നേരം കാത്തുനിന്നാലെ പകരം ബസ് ലഭിക്കുകയുമുള്ളു. നേരത്തെ ഓരോ വർഷവും ആയിരം പുതിയ ബസെങ്കിലും കെ.എസ്.ആർ.ടി.സി നിരത്തിലിറക്കുമ്പോൾ കൊല്ലത്തിനും ലഭിക്കുമായിരുന്നു ഒരു വി​ഹി​തം. പുറമേ എല്ലാവർഷവും മണ്ഡലകാലത്തും പുതിയ ബസുകൾ ലഭിച്ചി​രുന്നു. എന്നാൽ ഒരു വർഷത്തിനിടെ ജില്ലയിലെ കെ.എസ്.ആർ.ടി.സി ഡിപ്പോകൾക്ക് ഒരു ബസ് പോലും പുതുതായി ലഭിച്ചിട്ടില്ല.