കൊല്ലം: ഓരോ കലോത്സവത്തിലും നാമ്പിടുന്നത് പുതിയ പുതിയ സൗഹൃദങ്ങളാണ്. മത്സരാർത്ഥികൾ, രക്ഷിതാക്കൾ, അദ്ധ്യാപകർ തുടങ്ങി പതിനായിരങ്ങൾ വന്നുപോകുമ്പോൾ സൗഹൃദങ്ങളുമേറും.

കഴിഞ്ഞ തവണ കോഴിക്കോട് കണ്ടുമുട്ടിയ ചങ്ങാതിമാർ ഇടയ്ക്ക് കണ്ടുമുട്ടാനും സമയം കണ്ടെത്തുന്നുണ്ട്. ജില്ലകളുടെ അതിരുകൾ മറന്നാണ് സൗഹൃദ പട്ടിക നീളുന്നത്.

പതിനഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കലോത്സവത്തിന് കൊല്ലം വേദിയാകുന്നത്. സംഘാടകരൊരുക്കുന്ന താമസ സ്ഥലങ്ങളും വാടകയ്ക്കെടുക്കുന്ന വീടുകളും ഹോട്ടൽ-ലോഡ്ജ് മുറികളിലും മാത്രമല്ല കലാപ്രതിഭകളും കുടുംബവും അന്തിയുറങ്ങുക. ബന്ധുവീടുകൾ, സുഹൃത്തുക്കളുടെ വീടുകൾ, ആരെങ്കിലുമൊക്കെ പരിചയപ്പെടുത്തുന്ന വീടുകൾ തുടങ്ങി ഒട്ടുമിക്ക ഭവനങ്ങളിലും അതിഥികളുണ്ടാകും.

പട്ടണത്തിലാണ് കലോത്സവമെങ്കിലും സൗഹൃദ ചങ്ങല ജില്ലയാകെ പടരുകയാണ്. ഈ കൂടിച്ചേരലിന് ഭക്ഷണമൊരുക്കിന്റെ സന്തോഷം കൂടിയുണ്ടെന്ന് ഉറപ്പാണ്.