പുനലൂർ: പുനലൂരിൽ പ്രകൃതി ചികിത്സ കേന്ദ്രവും യോഗ സെന്ററും ആരംഭിക്കാനുള്ള നടപടികൾ തുടങ്ങി. ഭാരതീയ ചികിത്സാ വകുപ്പിന്റെ നിയന്ത്രണത്തിലാണ് 50കിടക്കകളുള്ള ആതുരാലയം ആരംഭിക്കുന്നത്. നിലവിൽ പുനലൂരിൽ പ്രകൃതി ചികിത്സ കേന്ദ്രവും യോഗസെന്ററും പ്രവർത്തിക്കുന്നുണ്ട്. ഇത് വിപുലമാക്കുന്നതിന്റെ ഭാഗമായാണ് 50 കിടക്കകളുള്ള കേന്ദ്രവും യോഗ സൗകര്യങ്ങൾക്കുമുള്ള കെട്ടിടങ്ങളും നിർമ്മിക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി ഇന്നലെ നഗരസഭ ചെയർപേഴ്സൺ ബി.സുജാതയുടെ നേതൃത്വത്തിൽ ആരോഗ്യ വകപുപ്പ് ഉദ്യോഗസ്ഥർ കല്ലട ആറിന്റെ തീരത്തെ വന്മളയിൽ ഭൂമി പരിശോധനയും മറ്റും നടത്തി. പി.എസ്.സുപാൽ എം.എൽ.എ നൽകിയ നിവേദനത്തെ തുടർന്നാണ് പടപടികൾ ആരംഭിച്ചത്. നിലവിൽ റവന്യൂ വകുപ്പിന്റെ നിയന്ത്രണത്തിലാണ് വന്മളയിലെ ഭൂമി. .മിഷൻ ഡയറക്ടർ ഡോ.ഡി.സജിത്ത് ബാബു, സംസ്ഥാന പ്രോഗ്രാം മാനേജർ ഡി.സജി, ഡോക്ടർമാരായ ഷൈജു, പൂജ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിനോയ് രാജൻ, എം.എൽ.എയുടെ പ്രതിനിധി ബി.അജയൻ തുടങ്ങിയവർ സ്ഥലപരിശോധനക്ക് എത്തിയിരുന്നു.