ഓച്ചിറ: ജനങ്ങളുടെ പ്രതികരണശേഷി വീണ്ടെടുത്ത് രാജ്യത്ത് ജനാധിപത്യവും സ്വാതന്ത്ര്യവും നില നിറുത്തുന്നതിനും നഷ്ടപ്പെട്ടുപോയ പൊതുസമൂഹത്തിന്റെ പ്രതികരണശേഷി വീണ്ടെടുക്കുവാനും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നാടക പ്രസ്ഥാനങ്ങൾ ശക്തിപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സി.ആർ.മഹേഷ് എം.എൽ.എ അഭിപ്രായപ്പെട്ടു. ക്ലാപ്പന പ്രിയദർശിനി കലാ സാംസ്കാരിക വേദിയും ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച പ്രൊഫഷണൽ നാടകോത്സവം 'നാടക രാവ് 2024' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക വേദി പ്രസിഡന്റ് എസ്.എം.ഇക്ബാൽ അദ്ധ്യക്ഷനായി. ക്ലാപ്പന തോട്ടത്തിൽ മുക്കിൽ സജ്ജീകരിച്ചിട്ടുള്ള കലാഭവൻ മണി നഗറിൽ 9 നാടകങ്ങൾക്കാണ് നാടക രാവിലൂടെ പ്രിയദർശിനി വേദിയൊരുക്കിയിരിക്കുന്നത്. പ്രൊഫ.പി.രാധാകൃഷ്ണക്കുറുപ്പ്, വി.ആർ.മനുരാജ്, ബി.എസ്.വിനോദ്, പി. തങ്കമണി, വിപിൻ രാജ്, പി.എൻ. ഷറഫ്, അഹമ്മദ് കബീർ, ബി.ശ്രീകുമാർ, എസ്. ശ്രീകല, എം റഷീദ, ദിവാ ലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. സമ്മേളനത്തിനുശേഷം കൊല്ലം അശ്വതി ഭാവനയുടെ 'സ്നേഹം' നാടകം നാടക രാവിന്റെ ഭാഗമായി അവതരിപ്പിച്ചു.