കൊല്ലം: അഞ്ച് ദിനരാത്രങ്ങൾ കലയുടെ കേളികൊട്ടുയരുന്ന ആശ്രാമത്തെ കവി ഒ.എൻ.വി കുറുപ്പിന്റെ നാമത്തിലുള്ള വേദിയും പന്തലും മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. പന്തൽ ആൻഡ് സ്റ്റേജ് കമ്മിറ്റി ചെയർമാൻ ടി.ജി.ഗിരീഷ് അദ്ധ്യക്ഷനായി. 60000 ചതുരശ്ര അടി വലിപ്പത്തിലാണ് പന്തലിന്റെ നിർമ്മാണം. ഒരേ സമയത്ത് 10,000 കസേരകൾ ക്രമീകരിക്കാവുന്ന രീതിലാണ് സജ്ജീകരണം. 25 വർഷമായി സ്‌കൂൾ കലോത്സവത്തിന് സ്റ്റേജും പന്തലും ഒരുക്കുന്ന തൃശൂർ സ്വദേശി ഉമ്മർ ആണ് ഇത്തവണയും പന്തൽ ഒരുക്കിയിരിക്കുന്നത്. മേയർ പ്രസന്ന ഏണസ്റ്റ്, എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, കെ.എസ്.എഫ്.ഇ ചെയർമാൻ വരദരാജൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എക്‌സ്.ഏണസ്റ്റ്, പന്തൽ ആൻഡ് സ്റ്റേജ് കമ്മിറ്റി കൺവീനർ പി.എസ്.ഗോപകുമാർ, സംഘാടകസമിതി അംഗങ്ങൾ, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ സാംസ്‌കാരിക സാമൂഹിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.