പടിഞ്ഞാറേകല്ലട : പഞ്ചായത്തിലെ കാരാളിമുക്കിൽ കഴിഞ്ഞ നാൽപ്പത് വർഷമായി പ്രവർത്തിച്ച്കൊണ്ടിരിക്കുന്ന കെ.എസ്.ഇ.ബി സബ് എൻജിനീയർ ഓഫീസ് നിറുത്തലാക്കുവാനുള്ള അധികൃതരുടെ നീക്കം ഉപേക്ഷിക്കണമെന്ന് കേരളാ കോൺഗ്രസ് (എം )പടിഞ്ഞാറെകല്ലട മണ്ഡലം കമ്മിറ്റിയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
നിലവിൽ 53 സ്ക്വയർ കിലോമീറ്റർ ചുറ്റളവിൽ പടിഞ്ഞാറെ കല്ലടയിലെ 14 വാർഡും തേവലക്കരയിലെ 2 വാർഡും മൈനാഗപ്പള്ളിയിലെ 2 വാർഡും മൺട്രോതുരുത്തിലെ ഒരു വാർഡും ഇതിൽ ഉൾപ്പെടും. നിലവിലെ ഓഫീസിൽ ഒരു സബ് എൻജിനീയർ, 1 ഓവർസീയർ, 4 ലൈൻമാന്മാർഎന്നിവരായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഗുണഭോക്താക്കൾ കൂടിവന്നതിനാൽ സെക്ഷൻ ഓഫീസ് ആക്കണമെന്ന ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് സബ് എൻജിനീയർ, ഓവർസിയർ, രണ്ട് ലൈൻമാൻമാർ എന്നിവരെ പിൻവലിച്ച് ഓഫീസ് നിറുത്തലാക്കാൻ ശ്രമം നടക്കുന്നത്. കെ.എസ്.ഇ.ബിയുടെ അനാസ്ഥ കാരണം വർഷങ്ങളായി വാടക കുടിശിഖയുള്ളതിനാൽ കെട്ടിടം ഒഴിയണമെന്ന് ഉടമ ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഓഫീസ് നിറുത്തലാക്കി ഇത് ശാസ്താംകോട്ട സെക്ഷൻ ഓഫീസിൽ ചേർക്കുവാനുള്ള നീക്കത്തിനെതിരെ സത്വര നടപടിയുണ്ടാകണമെന്ന് വകുപ്പ് മേധാവികൾക്കും മന്ത്രിക്കും നിവേദന സമർപ്പിക്കുവാനും പരിഹാരമുണ്ടായില്ലെങ്കിൽ പ്രത്യക്ഷസമര പരിപാടികൾക്ക് നേതൃത്വം നൽകുവാനും യോഗം തീരുമാനിച്ചു.
മണ്ഡലം പ്രസിഡന്റ് തോപ്പിൽ നിസാറിന്റെ അദ്ധ്യക്ഷതയിൽ കേരളാകോൺഗ്രസ് (എം)സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റി അംഗം ഉഷാലയംശിവരാജൻ ഉദ്ഘാടനം ചെയ്തു.