 24 വേദികളിലായി 18 കൺട്രോൾ റൂമുകൾ

 സുരക്ഷയ്ക്ക് 800 പൊലീസുകാർ

 250 വനിത പൊലീസുകാർ

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിന് കണ്ണിമ ചിമ്മാതെ കാവലാകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി കൊല്ലം സിറ്റി പൊലീസ്. ആകെ 800 പൊലീസുകാരെയാണ് സുരക്ഷാ ക്രമീകരണങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. ഇതിൽ 250 വനിതാ പൊലീസുകാരാണ്.

18 സ്ഥലങ്ങളിലായി 24 വേദികളിലാണ് മത്സരം നടക്കുന്നത്. ഈ 18 സ്ഥലങ്ങളിലും പൊലീസിന്റെ കൺട്രോൾ റൂമുണ്ടാകും. ഓരോ കൺട്രോൾ റൂമിലും എട്ട് പൊലീസുകാരുണ്ടാകും. പ്രധാന വേദിയൊഴികെ ബാക്കിയെല്ലായിടങ്ങളിലും ഏറ്റവും കുറഞ്ഞത് 50 പൊലീസുകാർ എപ്പോഴും ഉണ്ടാകും. തുറന്ന സ്ഥലങ്ങളിലെ സ്റ്റേജുകൾക്ക് മുന്നിലും പിന്നിലും സദസിനിടയിലും യൂണിഫോമിലും മഫ്തിയിലും പുരുഷ, വനിതാ പൊലീസുകാരുണ്ടാകും. വേദികൾക്ക് പിന്നിൽ സംശയാസ്പദമായി കാണുന്നവരെ നിരീക്ഷിക്കും. സ്റ്റേജിലെ മത്സരാർത്ഥികളെയും പാസുള്ളവരെയുമല്ലാതെ മറ്റാരെയും പ്രവേശിപ്പിക്കില്ല. പ്രധാനവേദിയായ ആശ്രാമം മൈതാനത്തിന്റെ സുരക്ഷാ ചുമതല ഓരോ ദിവസവും ഡിവൈ.എസ്.പിമാർക്കായിരിക്കും. വേദികളിലെ സുരക്ഷാ പരിശോധിക്കാൻ കമ്മിഷണറുടെ മിന്നൽ പരിശോധനയും ഉണ്ടാകും.

24 മണിക്കൂറും ആറ് സ്ട്രൈക്കർ

വേദികൾ, ഭക്ഷണശാല, താമസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കുള്ള വഴികളിൽ അറുപത് പേരടങ്ങുന്ന ആറ് സ്ട്രൈക്കർ സംഘം 24 മണിക്കൂറും പട്രോളിംഗ് നടത്തും. പെൺകുട്ടികളുടെ താമസ കേന്ദ്രങ്ങളിൽ വനിതാ പൊലീസുകാർ സുരക്ഷയ്ക്കുണ്ടാകും. ഇവിടെ ഒരു പട്രോളിംഗ് ബുക്കുണ്ടാകും. സ്ഥലത്തെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇവിടെയെത്തി നിരീക്ഷിച്ച ശേഷം പട്രോളിംഗ് ബുക്കിൽ ഒപ്പിടണം.

ഗ്രീൻ റൂമിന് ചുറ്റും കറക്കം വേണ്ട

എല്ലാ വേദികളിലെയും ഗ്രീൻ റൂമുകൾ വനിതാ പൊലീസുകാരുടെ നിരീക്ഷണത്തിലായിരിക്കും. ഗ്രീൻ റൂമുകളിലേക്ക് മത്സരാർത്ഥിയുടെ അനുമതിയില്ലാതെ ആരെയും പ്രവേശിപ്പിക്കില്ല. മുൻകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഗ്രീൻ റൂം പരിസരങ്ങളിൽ മൊബൈൽ ഫോൺ, കാമറ എന്നിവ അസ്വാഭാവികമായി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കസ്റ്റഡിയിലെടുക്കും.

വിളിക്കാൻ നമ്പർ

എല്ലാ വേദികൾക്കും പുറമേ കമ്മിഷണർ ഓഫീസ് കേന്ദ്രീകരിച്ചും കലോത്സവത്തിന്റെ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. പ്രശ്നങ്ങളുണ്ടായാൽ അറിയിക്കാൻ ഈ കൺട്രോൾ റൂമിലേക്ക് വിളിക്കാനുള്ള നമ്പർ ഇന്ന് പ്രഖ്യാപിക്കും.

ലഹരി വേണ്ട

കലോത്സവ വേദികളുടെ പരിസരങ്ങളിൽ ലഹരി ഉപയോഗിക്കുന്നവരെയും ലഹരി ഉപയോഗിച്ചെത്തുന്നവരെയും കസ്റ്റഡിയിലെടുക്കും.

നമ്പരിറക്കല്ലേ...

കലോത്സവ വേദികളിൽ വനിതാ പൊലീസുകാർ രക്ഷിതാക്കളുടെയും കാഴ്ചക്കാരുടെയും ഭാവത്തിൽ ഉണ്ടാകും. ആളുമാറി നമ്പരിറക്കിയാൽ കൈയോടെ ക്ലിപ്പിടും.