കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന മത്സരാർത്ഥികൾക്കും പൊതുജനങ്ങൾക്കും കലയ്ക്കൊപ്പം കൊല്ലത്തിന്റെ സ്വന്തം കശുഅണ്ടി പരിപ്പിന്റെ രുചിഭേദങ്ങളറിയാൻ വിപണനമേളയും ഒരുക്കി കാഷ്യു കോർപ്പറേഷൻ.
പോഷക സമൃദ്ധവും കൊളസ്‌ട്രോൾ രഹിതവുമായ കാഷ്യു സൂപ്പ്, വിറ്റ എന്നിവയാണ് ചിന്നക്കട ബസ് ബേയിലും പ്രധാന വേദിയായ ആശ്രാമം മൈതാനത്തും ഒരുക്കിയിട്ടുള്ള ഔട്ട്ലെറ്റുകൾ കഴിഞ്ഞ ദിവസം വിപണനം ആരംഭിച്ചത്.
കാഷ്യു സൂപ്പ് ഗ്ലാസ് ഒന്നിന് 10 രൂപയും വാനില, ചോക്ലേറ്റ്, ഏലക്ക, പിസ്ത എന്നീ വിവിധ ഫ്ലേവറുകളിൽ ലഭിക്കുന്ന കാഷ്യു വിറ്റയ്ക്ക് ഗ്ലാസ് ഒന്നിന് 30 രൂപയുമാണ് വില. ഔട്ട്‌ലെറ്റിൽ കശുഅണ്ടിപ്പരിപ്പും മൂല്യവർദ്ധിത ഉത്പന്നങ്ങളും 25 ശതമാനം ഡിസ്‌കൗണ്ടിൽ ലഭിക്കും.
ചിന്നക്കട ബസ് ബേ വിപണന കേന്ദ്രത്തിൽ മന്ത്രി വി.ശിവൻകുട്ടി കോർപ്പറേഷൻ ഫാക്ടറി ജീവനക്കാർക്ക് കാഷ്യൂ സൂപ്പ് നൽകി വിപണന കേന്ദ്രത്തിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ചെയർമാൻ എസ്. ജയമോഹൻ, ബോർഡ് അംഗങ്ങളായ ജി.ബാബു, സജി ഡി.ആനന്ദ്, കൊമേഷ്യൽ മാനേജർ വി.ഷാജി എന്നിവരും പങ്കെടുത്തു. ജനുവരി 8വരെ വിപണന മേള തുടരും.