കൊല്ലം: ഈ പകലും ഇന്നത്തെ രാവും പിന്നിടുമ്പോൾ നമ്മൾ കാത്തിരുന്ന അഞ്ച് രാപകലുകൾ. കലയുടെ മാരിവില്ലഴക് കൊല്ലത്തിന്റെ മണ്ണിൽ നാളെ രാവിലെ വിരിയും. വേദികളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രതിഭകൾ ഇന്ന് പകൽ മുതൽ എത്തിത്തുടങ്ങും.

 രജിസ്ട്രേഷൻ ഇന്ന് തുടങ്ങും

രജിസ്‌ട്രേഷൻ കൊല്ലം ടൗൺ യു.പി.എസിൽ ഇന്ന് രാവിലെ 10.30ന് ആരംഭിക്കും. ഒരോ ജില്ലക്കും പ്രത്യേക കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

 താമസത്തിന് 31 സ്കൂളുകൾ

നഗരപരിധിയിലെ 31 സ്കൂളുകളിലാണ് കലോത്സവത്തിൽ പങ്കെടുക്കുന്ന മത്സരരാർത്ഥികൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. 14 സ്‌കൂളുകൾ ആൺകുട്ടികൾക്കും, ഒൻപത് സ്‌കൂളുകൾ പെൺകുട്ടികൾക്കും. കൂടാതെ എട്ട് സ്‌കൂളുകൾ റിസർവായും കരുതിയിട്ടുണ്ട്.

 ഇന്ന് രാവിലെ പാലുകാച്ചൽ

ക്രേവൺ ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് ഭക്ഷണ പന്തൽ. മുൻവർഷങ്ങളിലേത് പോലെ പഴയിടം മോഹനൻ നമ്പൂതിരിയാണ് പാചകം. ഇന്ന് രാവിലെ 11.30ന് പാചകപ്പുരയിൽ പാലുകാച്ചൽ നടക്കും. ഒരേസമയം 2400 പേർക്ക് ഭക്ഷണം കഴിക്കാൻ കഴിയുന്ന രീതിയിലാണ് പന്തൽ ഒരുക്കുന്നത്. ഇന്ന് രാത്രി ഭക്ഷണത്തോടെയാണ് ഊട്ടുപുരയുടെ പ്രവർത്തനം ആരംഭിക്കുന്നത്. ഭക്ഷണം വിളമ്പുന്നതിന് നാല് ഷിഫ്ടുകളിലായി 1000 ഓളം അദ്ധ്യാപകർ, ടി.ടി.ഐ ബി.എഡ് വിദ്യാർത്ഥികൾ എന്നിവരെ നിയമിച്ചിട്ടുണ്ട്.

 സ്വർണ കപ്പ് ഇന്നെത്തും

കലോത്സവത്തിലെ ചാമ്പ്യന്മാർക്കുള്ള 117.5 പവൻ തൂക്കമുള്ള സ്വർണ കപ്പ് ഏറ്റവും കൂടുതൽ പോയിന്റ് കരസ്ഥമാക്കുന്ന ജില്ലയ്ക്ക് നൽകും. കഴിഞ്ഞവർഷം കപ്പ് നേടിയ കോഴിക്കോട് നിന്ന് ഘോഷയാത്രയായി ഇന്നലെ പുറപ്പെട്ട ഘോഷയാത്ര ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പ്രധാനവേദിയായ ആശ്രാമം മൈതാനത്ത് എത്തും.

 ഇടമുറിയാതെ വെളിച്ചവും ശബ്ദവും

ഇടമുറിയാതെ ശബ്ദവും വെളിച്ചവും ലഭിക്കാൻ എല്ലാ വേദികളിലും ജനറേറ്റർ സജ്ജമാക്കിയിട്ടുണ്ട്.

 പോക്കറ്റടിക്കല്ലേ

വിവിധ വേദികളിലേക്ക് പോകുന്ന മത്സരാർത്ഥികളിൽ നിന്ന് അമിത യാത്രാക്കൂലി വാങ്ങിതായി പരാതി ലഭിച്ചാൽ ഓട്ടോ, ടാക്സി ഡ്രൈവർമാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ പ്രതിഭകളെ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്ന് താമസ കേന്ദ്രങ്ങളിലേക്ക് അടക്കം എത്തിക്കാൻ സൗജന്യ സർവീസുമായി ഒരുവിഭാഗം ഓട്ടോ ഡ്രൈവർമാർ രംഗത്തെത്തിയിട്ടുണ്ട്.