a
വേട്ടുതറയിൽ അടിപ്പാതവേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സംയുക്ത സമരസമിതി നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി, ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ എന്നിവർ സംസാരിക്കുന്നു

ചവറ: വേട്ടുതറയിൽ അടിപ്പാത വേണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട് സർവകക്ഷിയോഗത്തിന്റെ നേതൃത്വത്തിൽ സംയുക്ത സമരസമിതി നടത്തിയ പ്രതിഷേധ കൂട്ടായ്മയിൽ നീണ്ടകര തെക്കുംഭാഗം തേവലക്കര എന്നിവിടങ്ങളിൽ നിന്നായി നൂറുകണക്കിന് പേർ പങ്കെടുത്തു. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പ്രതിഷേധ സമരത്തിന് തെക്കുംഭാഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചി പ്രഭാകരൻ അദ്ധ്യക്ഷനായി. സമരസമിതിയുടെ കൺവീനർ ബാജി സേനാധിപൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ വിവിധ രാഷ്ട്രീയ സാമൂഹിക സാമുദായിക നേതാക്കൾ സംസാരിച്ചു. സമരത്തിൽ വേട്ടുതറയിൽ അണ്ടർ പാസേജ് വേണമെന്ന പൊതു വികാരമാണ് ഉയർന്നത് വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് എൻ. കെ.പ്രേമചന്ദ്രൻ എം.പി , ഡോ.സുജിത്ത് വിജയൻ പിള്ള എം.എൽ.എ , മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ , കെ.പി.സി.സി സെക്രട്ടറി പി.ജർമ്മിയാസ് , നീണ്ടകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആർ. രജിത്ത് , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സോമൻ ,സി.പി.സുധീഷ് കുമാർ, വൈ.ഷിഹാബ് , ആർ.രവീന്ദ്രൻ , ജസ്റ്റിൻ ജോൺ , കൃഷ്ണപ്രിയ ,കോലത്ത് വേണുഗോപാൽ , അഡ്വ.ഫ്രാൻസിസ് ജെ.നെറ്റോ, നീണ്ടകര ഇടവക വികാരി ഫാദർ റോൾഡൻ ജേക്കബ് , തെക്കുംഭാഗം ഇടവക വികാരി ഫാദർ ജോർജ് സെബാസ്റ്റ്യൻ , ലൂർദ് പുരം ഇടവക വികാരി ഫാദർ അരുൺ ആറാടൻ ,ഷാജി പള്ളിപ്പാടൻ ജോസ് വിമൽരാജ് എന്നിവർ സംസാരിച്ചു.

വേടുതറയിൽഅടിപ്പാത വേണമെന്നതാണ് പൊതുവായ ആവശ്യം. അതിനുള്ള സാങ്കേതിക ബുദ്ധിമുട്ട് പറയുന്നത് പരിശോധിക്കണം. നിർമ്മാണ പ്രവർത്തികളിൽ അശാസ്ത്രീയതയുണ്ട്. കൊല്ലത്തു നിന്ന് വരുന്ന വാഹനങ്ങൾ ചുറ്റി കറങ്ങി സഞ്ചരിക്കുന്നത് പ്രായോഗികമല്ല. ഇത് ബോദ്ധ്യപ്പെട്ട സാഹചര്യത്തിൽ ഡിസൈനിൽ മാറ്റം വരുത്തുന്നത് പരിശോധിക്കണം. വേട്ടുതറയിലെ വിഷയം പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട് ജനപ്രതിനിധികളുടെയോ ജനങ്ങളുടെയോ വീഴ്ചയായി കാണാതെ ശാസ്ത്രീയമായി രൂപകൽപ്പന ചെയ്ത നാഷണൽ ഹൈവേ അതോറിട്ടിയുടെ വീഴ്ച പരിഹരിക്കാൻ തയ്യാറാവണം.

എൻ.കെ.പ്രേമചന്ദ്രൻ എം.പി

വേട്ടുതറയിൽ അണ്ടർ പാസേജ് നിർമ്മിക്കുന്നത് അത്യാവശ്യമാണ്. അതിന് നാഷണൽ ഹൈവേ അതോറിട്ടിയും കൺസ്ട്രക്ഷൻ കമ്പനിയും തയ്യാറാവണം

ഡോക്ടർ സുജിത്ത് വിജയൻൻപിള്ള എംഎൽഎ