കൊല്ലം: കലോത്സവം കിടിലമാക്കാൻ ആനവണ്ടിയും രംഗത്തുണ്ട്. മത്സരാർത്ഥികളെയും രക്ഷിതാക്കളെയും ആസ്വാദകർക്കുമായി കലോത്സവ വേദികളിലേക്ക് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തും. മിനിമം ടിക്കറ്റ് നിരക്ക് മാത്രം ഈടാക്കാനാണ് ആലോചന. ടിക്കറ്റ് നിരക്ക്, റൂട്ട് എന്നിവ സംബന്ധിച്ച് സംഘാടക സമിതി ഭാരവാഹികളും കെ.എസ്.ആർ.ടി.സി അധികൃതരും തമ്മിൽ ഇന്ന് നടക്കുന്ന ചർച്ചയിൽ ധാരണയാകും. കൊല്ലത്ത് നിന്ന് മത്സരാർത്ഥികൾക്കും കാഴ്ചക്കാർക്കും രാത്രിയിൽ മടങ്ങാൻ കൊട്ടാരക്കര, പുനലൂർ ഭാഗങ്ങളിലേക്ക് പ്രത്യേക സർവീസിനും ആലോചനയുണ്ട്.
സൗജന്യ സർവീസുമായി
25 ഓട്ടോറിക്ഷകൾ
മത്സരാർത്ഥികളെ താമസകേന്ദ്രങ്ങളിലേക്കും മത്സരവേദികളിലേക്കും എത്തിക്കാൻ 25 ഓട്ടോറിക്ഷകൾ സൗജന്യ സർവീസ് നടത്തും. പാർട്ടിസിപ്പന്റ്സ് കാർഡുള്ളവർക്കായിരിക്കും സൗജന്യയാത്ര.