കൊല്ലം: കൊല്ലത്ത് ബി.എസ്.എൻ.എൽ 4 ജി സേവനം വ്യാപിപ്പിക്കാനുള്ള പ്രത്യേക പദ്ധതി തയ്യാറാക്കണമെന്നും ഗ്രാമീണ മേഖലയിൽ 4 ജി സേവനം ലഭ്യമാക്കാൻ മുൻഗണന നൽകണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.

കൊല്ലം ടെലിഫോൺ അഡ്വൈസറി കമ്മിറ്റി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു എം.പി. ഗ്രാമീണ മേഖലയിലെ 4 ജി സേവനം മെച്ചപ്പെടുത്തുന്നതിന് പട്ടികവർഗ മേഖലയിലെ 22 സ്ഥലങ്ങൾ തെരഞ്ഞെടുത്തതിനെയും എം.പി അഭിനന്ദിച്ചു. ലാഭേച്ഛയോട് കൂടി മാത്രം ഇതര സേവനദാതാക്കൾ പദ്ധതികൾ ആവിഷ്‌കരിക്കുമ്പോൾ ഗ്രാമീണ മേഖലയിലെ ഇന്റർനെറ്റ് സൗകര്യം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ അടിസ്ഥാന സൗകര്യ വികസനവും സേവനവും ഉറപ്പ് വരുത്താൻ ബി.എസ്.എൻ.എൽ പ്രത്യേക പദ്ധതി ആവിഷ്‌കരിക്കണമെന്നും എം.പി നിർദ്ദേശിച്ചു.

ഗ്രാമീണ മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തിക്കുന്നതോടൊപ്പം തന്നെ 2023- ​24 സാമ്പത്തിക വർഷത്തിൽ ബി.എസ്.എൻ.എൽ കൊല്ലം ഏരിയായ്ക്ക് ലാഭം കൈവരിക്കാൻ കഴിഞ്ഞതിനെ യോഗം പ്രശംസിച്ചു.
ജനറൽ മാനേജർ എം.എസ്.ഹരി റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ കോശി ജോർജ് ഐ.എഫ്.എ നന്ദി പറഞ്ഞു. ടെലിഫോൺ അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ സാലി, വിജയകുമാർ, ജസ്റ്റിൻ ജോൺ, അൻസാറുദ്ദീൻ, ബേബി പടിഞ്ഞാറ്റിക്കര, മനു, ഡെപ്യൂട്ടി ജനറൽ മാനേജർമാർ, അസി. ജനറൽ മാനേജർമാർ, ചീഫ് അക്കൗണ്ട്‌സ് ഓഫീസർമാർ എന്നിവരും പങ്കെടുത്തു.