കൊട്ടാരക്കര: പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടമുയരുന്നു. മൂന്ന് നിലകളുള്ള കെട്ടിടത്തിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തിയാക്കി. ഭിത്തികൾ കട്ടകെട്ടിത്തിരിക്കുന്ന ജോലികളാണ് ഇപ്പോൾ തുടങ്ങിയത്. ഒന്നര മാസംകൊണ്ട് ഭിത്തികൾ കെട്ടിത്തീരും. പിന്നെ സിമന്റുപൂശി വെള്ളയടിച്ച് ടൈൽ പാകൽ കൂടി നടത്തുമ്പോഴേക്കും കെട്ടിടനിർമ്മാണം ഏറെക്കുറെ പൂർത്തിയാകും. ഗവ.ഗേൾസ് ഹൈസ്കൂളിന് സമീപം പൊലീസ് ക്വാർട്ടേഴ്സുകൾ നിലനിന്നിരുന്ന ഭാഗത്താണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. നിലവിൽ ദേശീയപാതയോരത്തായി ഗണപതി ക്ഷേത്രം കവലയിലുള്ള (കച്ചേരിമുക്ക്) പൊലീസ് സ്റ്റേഷനാണ് പുതിയ കെട്ടിടത്തിലേക്ക് മാറ്റേണ്ടത്. രണ്ടരക്കോടി രൂപ ചെലവിലാണ് നിർമ്മാണം നടത്തുന്നത്. കേരള പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷന്റെ നേതൃത്വത്തിലാണ് നിർമ്മാണ ജോലികൾ നടത്തുന്നത്.

മെച്ചപ്പെട്ട സൗകര്യങ്ങൾ

താഴത്തെ നിലയിൽ റിസപ്ഷൻ, ലോബി ഏരിയ, സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ഓഫീസ്, ക്രമസമാധാന ചുമതലയുള്ള എസ്.ഐയുടെ ഓഫീസ്, റൈറ്ററുടെ ഓഫീസ്, ആയുധം സൂക്ഷിക്കുന്നതിനുള്ള മുറി, ലോക്കപ്പ് മുറികൾ, ഭിന്നശേഷിക്കാർക്ക് ഉൾപ്പെടെയുള്ള ടോയ്ലറ്റ് സംവിധാനങ്ങൾ എന്നിവയാണുള്ളത്. ഒന്നാം നിലയിൽ എസ്.ഐമാരുടെ ഓഫീസുകൾ, കമ്പ്യൂട്ടർ റൂം, തൊണ്ടി- റെക്കാ‌‌ഡ് മുറികൾ, ടോയ്ലറ്റുകൾ എന്നിവയുണ്ടാകും. കോൺഫറൻസ് ഹാളും റിക്രിയേഷൻ മുറിയും പൊലീസുകാരുടെ വിശ്രമ മുറികളും അടുക്കള, ഡൈനിംഗ് ഹാൾ, ടോയ്ലറ്റുകൾ എന്നിവയാണ് മുകളിലത്തെ നിലയിൽ. ശിശു, സ്ത്രീ സൗഹൃദ സംവിധാനങ്ങൾ, ഗാർഡനിംഗ്, പാർക്കിംഗ് സൗകര്യം എന്നിവയും പുതിയ സ്റ്റേഷനിലൊരുക്കും. കസ്റ്റഡി വാഹനങ്ങളും മറ്റ് സാധനങ്ങളും സൂക്ഷിക്കാനും പ്രത്യേക ഇടമൊരുക്കും.

പഴയ കെട്ടിടം ട്രാഫിക് സ്റ്റേഷനാകും

പൊലീസ് സ്റ്റേഷന്റെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുമ്പോൾ നിലവിലുള്ള കെട്ടിടം ട്രാഫിക് പൊലീസ് സ്റ്റേഷനായി മാറും. നിലവിൽ സബ് ജയിലിന് സമീപത്തെ പഴയ സർക്കിൾ ഓഫീസിലാണ് ട്രാഫിക് സ്റ്റേഷന്റെ പ്രവർത്തനം.