c

കൊല്ലത്ത് ഇനി കലയുടെ രാപ്പകലുകൾ

ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലോത്സവത്തിന് ഇന്ന് കൊല്ലം നഗരത്തിൽ തുടക്കമാകും. ഹൈസ്കൂൾ, ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 239 ഇനങ്ങളിലാണ് മത്സരം. എട്ട് വരെ നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 14000 പ്രതിഭകൾ മാറ്റുരയ്ക്കും. കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാന വേദിയടക്കം 24 വേദികളിലായാണ് മത്സരം.

പരാതികളും പ്രതിഷേധങ്ങളും ഉയരാതിരിക്കാൻ സംഘാടക സമിതിയുടെ നേതൃത്വത്തിൽ അതിസൂക്ഷ്മമായി തന്നെ ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി കൊല്ലത്ത് ക്യാമ്പ് ചെയ്താണ് ഒരുക്കങ്ങൾ നടത്തിയത്. 15 വർഷത്തിന് ശേഷമമാണ് കൊല്ലം സംസ്ഥാന സ്കൂൾ കലോത്സവത്തിന് വേദിയാകുന്നത്. 2008ലാണ് കൊല്ലത്ത് ഏറ്റവും ഒടുവിൽ കലോത്സവം നടന്നത്. ഇത് നാലാം തവണയാണ് കൊല്ലം ആതിഥേയത്വം വഹിക്കുന്നത്.

ഉത്സവ് ആപ്പ്

ഒന്നിലധികം ഇനങ്ങളിൽ പങ്കെടുക്കുന്ന മത്സരാർത്ഥികളുടെ ആശങ്ക പൂർണമായും ഒഴിവാക്കുന്ന ഉത്സവ് ആപ്പ് ഇത്തവണത്തെ കലോത്സവത്തിന്റെ പ്രത്യേകതയാണ്. കൈറ്റ് വികസപ്പിച്ച ഉത്സവ് അപ്പ് കഴിഞ്ഞ കലോത്സവത്തിനും ഉണ്ടായിരുന്നെങ്കിലും ഓരോ ഇനത്തിലും എത്ര മത്സരാർത്ഥികൾ പങ്കെടുത്തുവെന്നും എത്ര പേർ ബാക്കിയുണ്ടെന്നും തങ്ങളുടെ അവസരം എത്ര മണിക്കായിരിക്കുമെന്നും കൃത്യമായി മനസിക്കാനുള്ള ക്രമീകരണം ഇത്തവണ ആപ്പിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ പ്രോഗ്രാം കമ്മിറ്റിയുമായി ബന്ധപ്പെട്ട് മത്സരങ്ങളുടെ ക്ലസ്റ്റർ ക്രമീകരിക്കാനും കഴിയും.

ആദ്യമായി ഗോത്രകല

ഉദഘാടന ചടങ്ങിന് മുന്നോടിയായുള്ള ദൃശ്യവിസ്മയത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഗോത്രകല അരങ്ങേറും. കാസർകോഡ് ജില്ലയിലെ മാവിലർ, മലവേട്ടുവൻ സമുദായക്കാർ മംഗളകർമ്മ വേളകളിൽ ചുവടുവച്ച് വട്ടംതിരിഞ്ഞ് കളിക്കുന്ന മങ്ങലംകളിയാണ് അരങ്ങേറുന്നത്. അടുത്തതവണ മത്സരഇനങ്ങളിൽ ഗോത്രകലകളും ഉൾപ്പെടുത്താനുള്ള ആലോചനയുടെ ഭാഗമായാണ് ഇത്തവണ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തിയത്.

കൊല്ലത്തിന്റെ തനത് കലകൾ

എല്ലാ കലോത്സവ ദിനങ്ങളിലും ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിലെ നീലാംബരി ഓഡിറ്റോറിയത്തിൽ അതിഥേയ ജില്ലയായ കൊല്ലത്തെ തനത് കലകളുടെ അവതരണവും ഇത്തവണത്തെ കലോത്സവത്തിന്റെ പ്രത്യേകതയാണ്. കൊല്ലത്ത് ഇടലെടുത്ത സീതകളി, കരടികളി, നാടൻപാട്ട് തുടങ്ങിയവയാണ് അരങ്ങേറുന്നത്.

എല്ലാവർക്കും സമ്മാനം

എ ഗ്രേഡ് നേടുന്നവർക്ക് പുറമേ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും മൊമെന്റോ ലഭിക്കും. ഏറ്രവും കൂടുതൽ പോയിന്റ് നേടി ചാമ്പ്യന്മാരാകുന്ന ജില്ലയ്ക്കുള്ള 117.5 കിലോയുടെ സ്വർണ്ണകപ്പിന് പുറമേ സംസ്കൃതോത്സവം, അറബിക് കലോത്സവം, ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന സ്കൂളുകൾ എന്നിവയ്ക്ക് അടക്കം 47 ട്രോഫികൾ പ്രത്യേകവുമുണ്ട്.

സസ്പെൻസുമായി പഴയിടം

മുൻവർഷങ്ങളിലേത് പോലെ ഇത്തവണയും പഴയിടം മോഹനൻ നമ്പൂതിരിയാണ് ഊട്ടുപുരയുടെ അമരത്ത്. എല്ലാവർഷവും ഓരോ ദിവസവും ഒരു സ്പെഷ്യൽ വിഭവം കൊണ്ട് പഴയിടം വിസ്മയിപ്പിക്കാറുണ്ട്. പക്ഷെ ഇത്തവണത്തെ സ്പെഷ്യലുകൾ പഴയിടം സസ്പെൻസായി തന്നെ വച്ചിരിക്കുകയാണ്. ഒരേസമയം 2400 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് കൊല്ലം ക്രേവൻ സ്കൂളിൽ തയ്യാറാക്കിയിരിക്കുന്നത്. ഒരു ദിവസം മൂന്ന് നേരമായി 45000 പേർക്ക് ഭക്ഷണം തയ്യാറാക്കും. ഉച്ചയ്ത്ത് 20000 പേർക്കാകും ഭക്ഷണം നൽകുക. 45 ലക്ഷം രൂപയാണ് ആകെ ചെലവ് കണക്കാക്കുന്നത്.