linkroad

 തകർന്നു കിടക്കുന്നത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദിയിലേക്കുള്ള റോഡ്

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം എത്തിയിട്ടും ആശ്രമത്തെ പ്രധാന വേദിക്കിയിലേക്കുള്ള

ലിങ്ക് റോഡിലെ കുഴികളടയ്ക്കാൻ നടപടിയില്ല. കലോത്സവത്തിൽ പങ്കെടുക്കാൻ മറ്റ് ജില്ലകളിൽ നിന്നെത്തുന്ന മത്സരാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പ്രധാന വേദിയായ ആശ്രാമം മൈതാനത്തെ ഒ.എൻ.വി സ്മൃതിയിലേക്കെത്താൻ ആശ്രയിക്കേണ്ടി വരുന്ന റോഡിനാണ് ഈ ദുരവസ്ഥ. കെ.എസ്.ആർ.ടി.സി ഗാരേജിന് മുൻവശം മുതൽ ലിങ്ക് റോഡ് അവസാനിക്കുന്നിടം വരെയുള്ള ഒരു കിലോമീറ്റർ റോഡിൽ നിരവധി കുഴികളാണുള്ളത്. കലോത്സവത്തിന്റെ പ്രധാന വേദിയായ ആശ്രാമം മൈതാനം, ആശ്രാമം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ വേദി, സാംസ്‌കാരിക പരിപാടികൾ നടക്കുന്ന നീലാംബരി ഓപ്പൺ എയർ ഓഡിറ്റോറിയം, ചിന്നക്കട, ഹോക്കി സ്റ്റേഡിയം, അഡ്വഞ്ചർ പാർക്ക്, ചിൽഡ്രൻസ് പാർക്ക്, കടപ്പാക്കട, എന്നിവിടങ്ങളിലേക്ക് പോകുന്നതിനായി നിരവധിയാത്രക്കാരാണ് ലിങ്ക് റോഡിനെ ആശ്രയിക്കുന്നത്.

നാളുകളായി തകർന്നുകിടക്കുന്ന റോഡിലെ കുഴികളിൽ വീണ് ഇരുചക്രവാഹനയാത്രികർ ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുന്നത് പതിവാണ്. വലിയ വാഹനങ്ങളും കെ.എസ്.ആർ.ടി.സി ബസുകളും അമിത വേഗത്തിലാണ് ഇത് വഴി പോകുന്നത്. ബസുകൾ വേഗത്തിൽ വരുമ്പോൾ പെട്ടെന്ന് സൈഡ് കൊടുക്കുന്ന വാഹനങ്ങൾ പലപ്പോഴും റോഡിലെ കുഴിയിൽ വീണ് തകരാറിലാകാറുണ്ടെന്ന് യാത്രക്കാർ പറയുന്നു. പൊതുമരാമത്ത് വകുപ്പിനാണ് ആശ്രാമം ലിങ്ക് റോഡിന്റെ പരിപാലന ചുമതല. കലോത്സവത്തിന്റെ പ്രധാനവേദിയിലേക്കുള്ള റോഡ് തകർന്നു കിടന്നിട്ടും നന്നാക്കാത്തതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.

വഴിപാട് കുഴി അടയ്ക്കൽ

ആശ്രാമം ലിങ്ക് റോഡിലെ കുഴി അടയ്ക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പൊതുമരാമത്ത് അധികൃതരെത്തി ചിലയിടങ്ങളിൽ കുഴി അടച്ചു.

കഴിഞ്ഞ നവംബർ അവസാന വാരമായിരുന്നു പൊതുമരാമത്ത് വകുപ്പിന്റെ വഴിപാട് കുഴി അടയ്ക്കൽ നടന്നത്. കുഴികളുള്ള ഭാഗത്ത് പായ്ക്കറ്റിലുള്ള റെഡിമെയ്ഡ് ടാർ മിക്‌സ് ഉപയോഗിച്ചാണ് കുഴി അടച്ചത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ടാർ ഇളകി വീണ്ടും റോഡിൽ കുഴികൾ രൂപപ്പെടുകയായിരുന്നു.