കൊട്ടാരക്കര: തിയേറ്ററിൽ 50 ദിവസം ഓടുന്ന സിനിമകളല്ല ജനപ്രിയ സിനിമകളെന്ന് സംവിധായകൻ ഡോ. ബിജു പറഞ്ഞു. കൊട്ടാരക്കര ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിനു മുന്നോടിയായി വെണ്ടാർ ശ്രീവിദ്യാധിരാജ ബി.എഡ് കോളേജിൽ ചലച്ചിത്ര ക്ലാസെടുക്കുകയായിരുന്നു അദ്ദേഹം. തിയേറ്ററിൽ വലിയ ആൾത്തിരക്കോടെ ആഴ്ചകളോളം ഓടുന്ന സിനിമകൾ താത്കാലിക പ്രതിഭാസമാണ്. അടുത്ത ചിത്രമെത്തുമ്പോഴേക്കും ആ സിനിമയുടെ സാദ്ധ്യതകൾ തീർന്നു. അതിന്റെ സംവിധായകനെ പിന്നീട് ഓർക്കണമെന്നില്ല. എന്നാൽ കച്ചവട സിനിമയെന്ന കാഴ്ചപ്പാടില്ലാതെ എടുക്കുന്ന കലാമൂല്യമുള്ള ചിത്രങ്ങൾക്ക് എത്ര കാലം കഴിഞ്ഞാലും സ്വീകാര്യതയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ചലച്ചിത്ര നിർമ്മാതാവ് അഡ്വ.കെ. അനിൽകുമാർ അമ്പലക്കര ഉദ്ഘാടനം ചെയ്തു. ശ്രീവിദ്യാധിരാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ ഗൗതം കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. കൊട്ടാരക്കര നഗരസഭ ചെയർമാൻ എസ്.ആർ. രമേശ്, ഫെസ്റ്റിവൽ ഡയറക്ടർ പല്ലിശ്ശേരി, സി. മുരളീധരൻ പിള്ള, ഡോ. പി. ലാലാ മണി, കോട്ടാത്തല ശ്രീകുമാർ, അഖില മോഹൻ എന്നിവർ സംസാരിച്ചു. ആർ.ശിവകുമാർ, നീലേശ്വരം സദാശിവൻ, മാധവ് സുകുമാർ, ബിനു കൊട്ടാരക്കര, ശ്രീലക്ഷ്മി, പ്രഭാകുമാരി, ഷക്കീല അസീസ്, ലതിക മങ്ങാട്, അശ്വിനികുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.