കൊല്ലം: സംസ്ഥാന സ്‌കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് നഗരത്തിൽ ചിന്നക്കട മുതൽ ശങ്കേഴ്‌സ് ജംഗ്ഷൻ വരെ വൺവേ ഏർപ്പെടുത്തി. കടപ്പാക്കട ഭാഗത്തേക്കുള്ള വാഹനങ്ങൾ പുള്ളിക്കട, ആശ്രാമം വഴി പോകണം. ചിന്നക്കട- ശങ്കേഴ്‌സ് റോഡിൽ കലോത്സവത്തിന്റെ ഭക്ഷണശാലയായ രുചിയിടത്തിലേക്ക് (ക്രേവൻ സ്‌കൂൾ) വരുന്ന വാഹനങ്ങൾക്ക് മാത്രമായിരിക്കും പാർക്കിംഗ്.
കോർപ്പറേഷന്റെ പെർമിറ്റുള്ള ഓട്ടോറിക്ഷകളെ മാത്രമേ കലോത്സവ വേദികളുടെ സമീപത്തു നിന്നു യാത്രക്കാരെ കയറ്റാൻ അനുവദിക്കു. മറ്റ് സ്ഥലങ്ങളിൽ നിന്ന് വരുന്ന ഓട്ടോറിക്ഷകൾ യാത്രക്കാരെ യഥാസ്ഥലത്ത് ഇറക്കിയ ശേഷം തിരികെ പോകണം. ഇത് ലംഘിച്ച് വേദിക്കു സമീപം ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പെർമിറ്റ് ഉൾപ്പെടെ റദ്ദാക്കും. മീറ്റർ പ്രവർത്തിപ്പിക്കാതെ അമിതചാർജ് ഈടാക്കിയാൽ 2000 രൂപ പിഴ ഈടാക്കുമെന്ന് ട്രാഫിക് പൊലീസ് അറിയിച്ചു.