കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തി​നെത്തുന്ന മത്സരാർത്ഥികളെയും രക്ഷിതാക്കളെയും കാഴ്ചക്കാരെയും സഹായി​ക്കാൻ കലോത്സവ വേദി​കളെ ബന്ധി​പ്പി​ച്ച് രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ പ്രത്യേക സർവീസ് നടത്തും. രാത്രികാലങ്ങളിൽ പ്രത്യേക സർവീസിനായി 10 ബസുകളും സജ്ജമാക്കിയിട്ടുണ്ട്.

10 രൂപ, 13 രൂപ എന്നിങ്ങനെയാകും ടിക്കറ്റ് നിരക്ക്. ഡിപ്പോയിൽ നിന്നു ആശ്രാമം വഴി കടപ്പാക്കട, ചിന്നക്കട, ക‌ർബല, എസ്.എൻ കോളേജ് ജംഗ്ഷൻ, ചിന്നക്കട, കളക്ടറേറ്റ്, സെന്റ് അലോഷ്യസ്, ലക്ഷ്മിനട, ഹൈസ്കൂൾ ജംഗ്ഷൻ വഴി തിരികെ ഡിപ്പോയി​ൽ എത്തുന്ന വി​ധത്തി​ലാണ് റൂട്ട് ക്രമീകരണം. അര മണിക്കൂർ ഇടവേളയിൽ എല്ലാ വേദികൾക്ക് സമീപവും ബസ് എത്തും. പൊലീസിന്റെ ഗതാഗത നിയന്ത്രണങ്ങൾ വന്നാൽ റൂട്ടിൽ നേരിയ മാറ്രമുണ്ടാകും.

കലോത്സവം കാണാൻ എത്തുന്നവർക്ക് രാത്രികാലങ്ങളിൽ മടങ്ങാൻ കരുനാഗപ്പള്ളി, കൊട്ടാരക്കര, കുണ്ടറ, ചാത്തന്നൂർ, പുനലൂർ, ചടയമംഗലം ഭാഗത്തേക്ക് പ്രത്യേക സർവീസുണ്ടാകും. വൈകി​ട്ട് ഏഴ് മുതൽ സർവീസ് ആരംഭിക്കാൻ കൊല്ലം ഡിപ്പോയിൽ നിന്നു മൂന്ന് ബസുകൾ സജ്ജമാക്കിയിട്ടുണ്ട്. രാത്രി ഒൻപതി​നു ശേഷമാണ് മറ്റ് ഡിപ്പോകളിൽ നിന്നുള്ള ബസുകൾ സർവീസിന് ഉപയോഗിക്കുക. യാത്രക്കാരുടെ എണ്ണം കൂടുതലാണെങ്കിൽ ആവശ്യാനുസരണം ബസുകൾ ഉപയോഗിക്കാനും ആലോചി​ക്കുന്നുണ്ട്.