കൊല്ലം: ചിന്നക്കടയിലൂടെ ഓട്ടോറിക്ഷയിൽ പോകുന്ന താടിക്കാരനെ കണ്ടപ്പോൾ പലരും ചിന്തിച്ചു, നല്ല പരിചയമുള്ള മുഖമാണല്ലോ! ഒന്നു കൂടി ചിന്തിച്ചപ്പോൾ ആളെ കിട്ടി, മന്ത്രി വി. ശിവൻകുട്ടി. സ്റ്റേറ്റ് കാറൊക്കെ ഉപേക്ഷിച്ച് ഓട്ടോറിക്ഷയിലെന്താണ് മന്ത്രിയുടെ യാത്രയെന്നായി അടുത്ത ചിന്ത.
ചിലർ ഓട്ടോറിക്ഷയെ പിന്തുടർന്നു. ചിന്നക്കട റസ്റ്റ് ഹൗസിന് മുന്നിൽ നിന്നു മന്ത്രി കയറിയ ഓട്ടോറിക്ഷ ചെന്നുനിന്നത് ക്രേവൺ സ്കൂളിന് മുന്നിൽ. ഓട്ടോയിൽ നിന്നിറങ്ങിയ മന്ത്രി ഡ്രൈവറായ സുപ്രഭയ്ക്ക് ഷേക്ക് ഹാൻഡ് കൊടുത്തിട്ട് സ്കൂളിലെ കലോത്സവ ഊട്ടുപുരയിലേക്ക് പോയി. 'മന്ത്രി കാശു കൊടുക്കാതെ പോയോ' എന്നായി അടുത്ത ചിന്ത! സംഗതി മറ്റൊന്നുമല്ല, സംസ്ഥാന സ്കൂൾ കലോത്സവം പ്രമാണിച്ചുള്ള സൗജന്യ ഓട്ടോ സർവീസിന്റെ ഉദ്ഘാടനമാണ് മന്ത്രി നിർവഹിച്ചത്.
ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 25 ഓട്ടോറിക്ഷകളാണ് സൗജന്യ സർവീസ് നടത്തുന്നത്. വേദികളിൽ നിന്നു വേദികളിലേക്കും ഊട്ടുപുരയിലേക്കും മത്സരാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് സൗജന്യ സേവനം ലഭിക്കുക. മത്സരാർത്ഥികളുടെ പക്കൽ പാർട്ടിസിപ്പന്റ്സ് കാർഡ് ഉണ്ടായിരിക്കണം. ഓട്ടോഡ്രൈവർ സ്വന്തം നിലയിലാണ് ഇന്ധന ചെലവ് വഹിക്കുന്നത്.