□നൂതന കോഴ്സായി ബി.എ നാനോ എൻട്രപ്രണർഷിപ്പും
കൊല്ലം: ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല സമർപ്പിച്ച ആറ് കോഴ്സുകൾക്ക് കൂടി യു.ജി.സി അംഗീകാരം ലഭിച്ചതോടെ കോഴ്സുകളുടെ എണ്ണം 28 ആയി.
ബി.സി.എ, ബി.എ പൊളിറ്റിക്കൽ സയൻസ്, ബി.എ സൈക്കോളജി, ബി.എ നാനോ എൻട്രപ്രണർഷിപ്പ്, എം.എ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, എം.എ പൊളിറ്റിക്കൽ സയൻസ് എന്നിവയ്ക്കാണ് പുതുതായി യു.ജി.സി അംഗീകാരം ലഭിച്ചത്. ബി.എ നാനോ എൻട്രപ്രണർഷിപ്പ് എന്ന കോഴ്‌സ് ഇന്ത്യയിൽ ആദ്യമായാണ് യു.ജി.സി അംഗീകാരത്തോടെ ഒരു സർവ്വകലാശാല ആരംഭിക്കുന്നത്. സ്റ്റാർട്ടപ്പുകളും സൂക്ഷ്മ സംരംഭങ്ങളും ആരംഭിക്കാനും നടത്താനുമുള്ള അക്കാഡമിക് അറിവ് നൽകുകയെന്ന ലക്ഷ്യത്തോടെയാണ് യൂണിവേഴ്സിറ്റി ഈ കോഴ്സ് വികസിപ്പിച്ചത്. അക്കൗണ്ടിംഗ്, മാനേജ്മെന്റ്, എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് തിയറി. മൂന്ന് വർഷത്തെ കോഴ്സിൽ പഠിതാക്കൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഏതെങ്കിലും ഒരു തൊഴിൽ മേഖലയിൽ പ്രായോഗിക പരിചയവും സംരംഭകശേഷിയും ഉറപ്പാക്കുന്ന ഇന്റേൺഷിപ്പും ഉണ്ടാകും. വിവിധ സ്ഥാപനങ്ങളുമായി ഇതിനുള്ള ധാരണാപത്രം സർവകലാശാല ഒപ്പിടും. ഈ കോഴ്സ് പൂർത്തിയാകുന്നതോടെ ബിരുദത്തിനൊപ്പം സംരംഭക പരിശീലനവും പഠിതാവിന് ലഭിക്കും.
ഇപ്പോൾ അംഗീകാരം ലഭിച്ച കോഴ്‌സുകൾ ആരംഭിക്കുന്നതോടെ കേരളത്തിലെ മറ്റ് സർവ്വകലാശാലകൾ നടത്തുന്ന എല്ലാ പ്രോഗ്രാമുകളും തുടങ്ങുകയെന്ന ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാല നിയമത്തിലെ ഏറ്റവും പ്രധാന ഘടകം യാഥാർത്ഥ്യമാകും. പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിക്കുന്ന കാര്യം അടുത്ത സിൻഡിക്കേറ്റ് തീരുമാനിക്കും.
പാഠ്യരീതിയാണ് ബി.എ എൻട്രപ്രണർഷിപ്പ് പ്രോഗ്രാമിന്റെ കാതൽ. സൂക്ഷ്മ സംരംഭകരെ പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസ പ്രക്രിയയ്ക്ക് സർവകലാശാല തുടക്കമിടുകയാണ്.
ഡോ. പി.എം. മുബാറക് പാഷ, വി.സി