കൊല്ലം: കലോത്സവം പരാതി രഹിതമാക്കാൻ വിധികർത്താക്കളെ വിജിലൻസ് നിരീക്ഷണത്തിലാക്കി സംഘാടകർ.
വിധികർത്താക്കളുടെ പട്ടിക തയ്യാറാക്കിയപ്പോൾ മുതൽ ഇവരുടെ ഫോൺ നമ്പരുകൾ വിജിലൻസിന്റെ നീരീക്ഷണത്തിലുണ്ട്.
'കോഴ' വിവാദങ്ങൾ ഉണ്ടാകരുതെന്ന കർശന നിർദ്ദേശമാണ് വിദ്യാഭ്യാസ മന്ത്രി നൽകിയിട്ടുള്ളത്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങൾക്ക് 1300ൽപരം വിധികർത്താക്കളെയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഒരു മത്സരത്തിന് മൂന്ന് വിധികർത്താക്കളുണ്ടാകും. മൂന്ന് വർഷത്തിൽ കൂടുതൽ വിധികർത്താക്കളായവരെ ഒഴിവാക്കണമെന്ന നിർദ്ദേശം വച്ചിരുന്നുവെങ്കിലും ചില ഇനങ്ങളിൽ ഇത് നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല.
കൊല്ലം ജില്ലയിൽ നിന്നു ഇരുപതിലധികം വിധികർത്താക്കളുണ്ട്. മറ്റ് ജില്ലകളിൽ നിന്നും മറുനാടുകളിൽ നിന്നും വിധികർത്താക്കളെ വരുത്തുന്നുണ്ട്. വിധികർത്താക്കളെ നിശ്ചയിച്ച ശേഷം അവരുടെ വീടുകളിൽ വന്നുപോയവർ, ഫോണിൽ ബന്ധപ്പെട്ടവർ എന്നിവരുടെയെല്ലാം വിവരങ്ങൾ വിജിലൻസ് രഹസ്യമായി ശേഖരിക്കുന്നുണ്ട്. കലോത്സവ നഗരിയിൽ എത്തിയാൽ വിശ്രമ സ്ഥലത്തും മത്സര സ്ഥലത്തും പ്രത്യേക നിരീക്ഷണമുണ്ടാകും. ഭക്ഷണം കഴിക്കുന്ന സ്ഥലത്തും കുടിവെള്ളമടക്കം എത്തിച്ചുകൊടുക്കുന്നവരിലും ശ്രദ്ധയുണ്ടാകും. ഏതെങ്കിലും തരത്തിൽ ആക്ഷേപം ഉണ്ടായാൽ വിധികർത്താവിനെ മാറ്റാനും പകരം ആളെ നിയോഗിക്കാനുമാണ് തീരുമാനം. ഇതിനായി റിസർവ് പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. വിധികർത്താക്കൾക്ക് വേദികളിൽ എത്താനും വിധി പ്രഖ്യാപന ശേഷം മടങ്ങാനും വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തും.