ചവറ: വ്യവസായ വകുപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം കേരളാ മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ പുതുവർഷത്തിൽ നൂറുമേനി വിളവ്. കൊയ്ത്തുത്സവം മാനേജിംഗ് ഡയറക്ടർ ജെ.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കമ്പനി ഗസ്റ്റ്ഹൗസിലെ പാടത്ത് ഒന്നര ഏക്കറിലാണ് നെൽക്കൃഷി ചെയ്തത്. 'മനുരത്‌ന' എന്ന ഇനം വിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. കൊല്ലം ജില്ലാ പഞ്ചായത്തിന് കീഴിലെ അഗ്രികൾച്ചറൽ എക്സിക്യൂട്ടീവ് എൻജിനീയർ കാര്യാലയത്തിലെ കൊയ്ത്ത് യന്ത്രം ഉപയോഗപ്പെടുത്തിയാണ് വിളവെടുപ്പ് നടത്തിയത്. ലഭിച്ച നെൽ അരിയാക്കി പാലിയേറ്റീവ് കുടുംബങ്ങൾക്ക് നൽകും. ഓണത്തിന് മുന്നോടിയായി വിത്ത് വിതച്ച് നെൽക്കൃഷി ചെയ്ത കമ്പനിയിൽ മികച്ച വിളവ് ലഭിക്കുകയും അരിയാക്കി തളിർഎന്ന ബ്രാന്റിൽ പാലിയേറ്റീവ് കുടുംബങ്ങൾക്ക് നൽകുകയും ചെയ്തിരുന്നു. 2022ലെ പച്ചക്കറിക്കൃഷി ചെയ്യുന്ന മികച്ച പൊതുമേഖലാ സ്ഥാപനമായി സംസ്ഥാന തലത്തിൽ കെ.എം.എം.എല്ലിനെ തിരഞ്ഞെടുത്തിരുന്നു. 13 ഏക്കറോളം സ്ഥലത്ത് ഇപ്പോൾ ജൈവകൃഷി നടക്കുന്നു. കൃഷിയുടെ ഭാഗമായി മണ്ണിര കമ്പോസ്റ്റും സജ്ജമാക്കിയിട്ടുണ്ട്. മത്സ്യക്കൃഷിയും വിജയകരമായി നടന്നുവരികയാണ്.