
പരവൂർ: ഗുരുധർമ്മ പ്രചാരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ ശങ്കറുടെ ജന്മ ഗ്രാമമായ പുത്തൂരിൽ നിന്നാരംഭിച്ച ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് പരവൂർ മേഖലയിൽ വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളും സാംസ്കാരിക സംഘടനകളും സ്വീകരണം നൽകി. നെടുങ്ങോലം ശാഖ അങ്കണത്തിൽ നടന്ന തീർത്ഥാടക സംഗമം പദയാത്ര ക്യാപ്ടൻ രാജ്മോഹൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് എൻ. സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി എം ഉദയസുതൻ മുഖ്യപ്രഭാഷണം നടത്തി. തീർത്ഥാടന രഥത്തിൽ കെ. ദിനേശ് കുമാർ കോട്ടാത്തല ദീപം തെളിയിച്ചു. പരവൂർ എസ്.എൻ.വി സമാജ ഹാളിൽ പ്രസിഡന്റ് എസ് സാജൻ, സെക്രട്ടറി കെ. ചിത്രാംഗദൻ എന്നിവർ പദയാത്രയെ സ്വീകരിച്ചു. പരവൂർ പുതിയിടത്ത് നടന്ന തീർത്ഥാടക സംഗമം പദയാത്ര കൺവീനർ ബി.സ്വാമിനാഥൻ ഉദ്ഘാടനം ചെയ്തു. കെ ആർ മണി പുതിയിടം അദ്ധ്യക്ഷത വഹിച്ചു. ഗോപിനാഥൻ മുല്ലനഴികം, ഉപ ക്യാപ്ടൻമാരായ ശാന്തിനി കുമാരൻ, ഇടമൺ രതി സുരേഷ്, ശോഭന ആനക്കോട്ടൂർ, ഇടമൺ ലതിക രാജൻ, പൂവറ്റൂർ ഉദയൻ എന്നിവർ സംസാരിച്ചു.