കൊല്ലം: കലോത്സവത്തിന്റ മുഖ്യ ആകർഷണമായ 117 പവൻ സ്വർണക്കപ്പിന് ജില്ലാ അതിർത്തിയിൽ ഉജ്ജ്വല വരവേൽപ്പ്. കഴിഞ്ഞ ദിവസം കോഴിക്കോട് മേയർ ബീന ഫിലിപ്പ് വിദ്യാഭ്യാസ വകുപ്പ് പരീക്ഷാ വിഭാഗം ജോയിന്റ് കമ്മിഷണർ ഗിരീഷ് ചോലയിലിന് കൈമാറിയ സ്വർണക്കപ്പ് വിവിധ ജില്ലകളിലെ സ്വീകരണത്തിന് ശേഷം ഇന്നലെ ഉച്ചയ്ക് 1.30ന് ജില്ലാ അതിർത്തിയായ കുളക്കടയിലെത്തി. വാദ്യമേളങ്ങളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെ സ്വർണക്കപ്പുമായെത്തിയ വാഹനത്തെ കുളക്കട ജി.എച്ച്.എസ് സ്‌കൂളിലൊരുക്കിയ ചടങ്ങിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എൽ.എമാരായ എം.മുകേഷ്, എം.നൗഷാദ്, കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ എസ്.ആർ.രമേശ്, പഞ്ചായത്ത് പ്രസിഡന്റ് സജി കടൂക്കാല, ജില്ലാ പഞ്ചായത്ത് അംഗം ആർ.രശ്മി, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്.ഷാനവാസ്, ജില്ലാ കളക്ടർ എൻ.ദേവീദാസ്, റൂറൽ എസ്.പി കെ.എം.സാബു മാത്യു, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

നെടുവത്തൂർ, കൊട്ടാരക്കര, എഴുകോൺ, മുക്കട, കുണ്ടറ, ഇളംമ്പള്ളൂർ, കേരളപുരം, കരിക്കോട്, മൂന്നാംകുറ്റി കടപ്പാക്കട എന്നിവിടങ്ങളിലും സ്വർണക്കപ്പിന് സ്വീകരണം നൽകി. സ്വർണക്കപ്പ് കാണാൻ കൊട്ടാരക്കര മുതൽ ചിന്നക്കടവരെയുള്ള റോഡിനിരുവശവും സ്ത്രീകളും കുട്ടികളുമടക്കം നിരവധിപേരാണ് കാത്തു നിന്നത്. ചിന്നക്കടയിലെത്തിയ സ്വർണക്കപ്പിന് മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ, വൻജനാവലിയുടെ സാന്നിദ്ധ്യത്തിൽ ഘോഷയാത്രയായാണ് സ്വർണക്കപ്പ് ആശ്രാമം മൈതാനത്തെ പ്രധാനവേദിയിലെത്തിച്ചത്.