
കൊല്ലം: കൊല്ലം സിറ്റി സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് 'മഴവില്ല് 2023' എന്ന പേരിൽ തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിൽ നടത്തിയ അഞ്ചുദിവസത്തെ ജില്ലാ ക്യാമ്പ് വർണാഭമായ സെറിമോണിയൽ പരേഡോടുകൂടി സമാപിച്ചു. മന്ത്രി ജെ.ചിഞ്ചുറാണി സല്യൂട്ട് സ്വീകരിച്ചു. ജില്ലാ പോലിസ് മേധാവി വിവേക് കുമാർ, ജില്ലാ നോഡൽ ഓഫീസർ സക്കറിയ മാത്യു, എ.ഡി.എൻ.ഒ രാജേഷ്, കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ ഷെഫീഖ് എന്നിവർ പങ്കെടുത്തു. സിറ്റിയിലെ 34 എസ്.പി.സി സ്കൂളുകളിൽ നിന്നും 350 കേഡറ്റുകളാണ് ക്യാമ്പിൽ പങ്കെടുത്തത്. അഡിഷണൽ എസ്.പി സക്കറിയ മാത്യു, എസ്.പി.സി കൊല്ലം സിറ്റി എ.ഡി.എൻ ബി.രാജേഷ് , കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ സജി, എ.എൻ.ഒ വൈ.സാബു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മാനസിക ആരോഗ്യം മൊബൈൽ അഡിക്ഷൻ, ലൈംഗിക ചൂഷണം, ലഹരി മരുന്നുകളുടെ ഉപയോഗം, സൈബർ ദുരുപയോഗം, പരിസ്ഥിതി നാശം തുടങ്ങിയ വിഷയങ്ങളിൽ എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ രാജേഷ്, രാഹുൽ, ദിവ്യ ദേവകി, സുധ എന്നിവരും കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ സജി, ജസീല, അർച്ചന,ബിജി തുടങ്ങിയവരും ക്ലാസുകൾ നയിച്ചു. സബ് കളക്ടർ മുകുന്ദ് ഠാക്കൂറുമായി കുട്ടികൾ സംവദിച്ചു. പ്രമുഖ പാമ്പ് പിടുത്ത വിദഗ്ധൻ വാവ സുരേഷ് വിവിധ വർഗത്തിലുള്ള പാമ്പുകളുടെ സവിശേഷതകളെക്കുറിച്ച് സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും പൊലീസ് ഓർക്കസ്ട്രയുടെ ഗാനമേളയും നടന്നു.