
കൊല്ലം: വേദികളിലെ തീപാറും മത്സരം മാത്രമല്ല, കലോത്സവത്തിന് വിരുന്നെത്തുന്നവർക്ക് കൊല്ലം നൽകുന്ന കാഴ്ചകൾ അതിനേക്കാൾ ആകർഷകമാകും. കാണാനും കേൾക്കാനും പിന്നെ മതിവരുവോളം രുചി നുകരാനും ഒട്ടേറെ വിശേഷങ്ങളുണ്ടിവിടെ.
കൊല്ലത്തിന്റെ സ്പന്ദനങ്ങളെക്കുറിച്ച് അറിയാനുള്ള അവസരം കൂടിയാണ് ഈ കലോത്സവം. ഒരുകാലത്ത് ലോകത്തിലെതന്നെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നായിരുന്നു കൊല്ലം. പ്രശസ്തരായ പല സഞ്ചാരികളുടെയും കൃതികളിൽ കൊല്ലം ഇടം നേടിയിട്ടുണ്ട്. അറബിക്കടലിലെ തിരമാലകളും അഷ്ടമുടിക്കായലിലെ കുഞ്ഞോളങ്ങളും കായലും കടലും മുത്തംവയ്ക്കുന്ന പരവൂരും കണ്ടലും വള്ളക്കാഴ്ചകളുമുള്ള മൺട്രോത്തുരുത്തും കിഴക്കൻ മലയോര പ്രദേശങ്ങളും പാലരുവി വെള്ളച്ചാട്ടവും പിന്നെ ജടായു പാറ, മരുതിമല ടൂറിസം പദ്ധതികളുമടക്കം ദൃശ്യവിരുന്നുകളുടെ പട്ടിക നീളും.
പട്ടണത്തിൽത്തന്നെ വിളക്കുമാടവും ക്ളോക്ക് ടവറും അഡ്വഞ്ചർ പാർക്കുമടക്കം കാണാനും ഉല്ലസിക്കാനുമായി ഒട്ടേറെയുണ്ട്. കലോത്സവവുമായി ബന്ധപ്പെട്ട് ഇവിടെല്ലാം തയ്യാറെടുപ്പുകൾ നടത്തിയിട്ടുമുണ്ട്. കരിമീനും ഞണ്ടും കൊഞ്ചും കൊല്ലം ചാളയുമൊക്കെ ഹൃദ്യ വിഭവങ്ങളാക്കി വിളമ്പാൻ റസ്റ്റോറന്റുകാരും തട്ടുകടക്കാരുമൊക്കെ തയ്യാർ.