കൊല്ലം: ഏളുള്ളേരി ഏളുള്ളേരി മാനിനിഗേരേ... കേൾക്കുന്ന പാടെ മലയാളികൾ തുള്ളിത്തുടങ്ങുന്ന നാടൻപാട്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഈ നാടൻപാട്ടിനൊപ്പം കാസർകോട് മോഡൽ റെസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികൾ ചുവട് വട്ടം ചുറ്റി നൃത്തംവച്ച മംഗലം കളി കാഴ്ചവച്ചപ്പോൾ പിറന്നത് പുതുചരിത്രം.
സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ഗോത്രകല അരങ്ങേറുകയായിരുന്നു. കാസർകോട് മാവിലർ, കുറവർ, മലവേട്ടുവർ സമുദായങ്ങളുടെ അനുഷ്ഠാന കലയാണ് മംഗലംകളി. ‘മംഗലംപൊര’കളിൽ കാതുകുത്തുമംഗലം, തെരാണ്ടുമംഗലം, താലികെട്ടുമംഗലം തുടങ്ങിയ ചടങ്ങുകളിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. തുടി കൊട്ടി തങ്ങളുടെ സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെയാണ് മംഗലം കളിക്കിടയിൽ പാടുന്നത്. ഏളുള്ളേരി, സിനിമയിലൂടെ ഹിറ്റായിരുന്നെങ്കിലും മംഗലം കളിയെ അധികമാർക്കും അറിയില്ലായിരുന്നു. ഈ സങ്കടം ഈ സംസ്ഥാന സ്കൂൾ കലോത്സവത്തോടെ അവസാനിച്ചിരിക്കുകയാണ്. അടുത്ത കലോത്സവത്തിൽ മാനുവൽ പരിഷ്കരിച്ച് മംഗലം കളി അടക്കമുള്ള ഗോത്രകലകളും ഉൾപ്പെടുത്താൻ ആലോചനയുണ്ട്. കാസർകോട് മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ 15 എച്ച്.എസ്.എസ് വിദ്യാർത്ഥികൾ അടങ്ങിയ സംഘമാണ് ഉദ്ഘാടന ചടങ്ങിൽ മംഗലംകളി അവതരിപ്പിച്ചത്. കല്യാണിക്കളിയെന്നും ഈ കലാരൂപത്തിന് പേരുണ്ട്.