കൊല്ലം: വീട്ടിലെല്ലാവരും സംഗീതജ്ഞർ. കുടുംബത്തിലെ ഇളം തലമുറക്കാരൻ നിരഞ്ജനും പാരമ്പര്യം കാത്തു. കന്നി മത്സരത്തിൽ എ ഗ്രേഡിന്റെ തിളക്കം.
ചെറുപ്പം മുതൽ സംഗീതമാണ് നിരഞ്ജന്റെ ലോകം. 35 വർഷമായി അച്ഛൻ നെടുമ്പള്ളി രാംമോഹൻ കഥകളിസംഗീതരംഗത്തുണ്ട്. മുത്തച്ഛൻ നെടുമ്പള്ളി നാരായണൻ നമ്പൂതിരിയും കഥകളി സംഗീതഞ്ജനായിരുന്നു. അമ്മ മീര രാം മോഹനും സംഗീതജ്ഞ. ശാസ്ത്രീയ സംഗീതത്തിലും കഥകളിസംഗീതത്തിലും അച്ഛനും അമ്മയുമാണ് ഗുരുക്കൻമാർ. രണ്ടാം തവണയാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന് നിരഞ്ജനെത്തുന്നത്. കഴിഞ്ഞവർഷം ശാസ്ത്രീയ സംഗീതത്തിലും കഥകളിസംഗീതത്തിലും എ ഗ്രേഡ് നേടിയിരുന്നു. ഇത്തവണ അഷ്ടപദി കൂടാതെ ശാസ്ത്രീയ സംഗീതത്തിലും കഥകളി സംഗീതത്തിലും ഉറുദു സംഘഗാനത്തിലും മത്സരിക്കുന്നുണ്ട്. പാലക്കാട് ശ്രീകൃഷ്ണപുരം എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ്. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ സഹോദരൻ നവരാതും സംഗീത വഴിയിലാണ്.