
കൊല്ലം: വിഷയ ദാരിദ്രമില്ലാതെ വ്യക്തതയോടെ പ്രസംഗിച്ചാണ് തെരേസ് മാത്യു സദസിനെ പിടിച്ചിരുത്തിയത്. രാഷ്ട്രീയ ചായ്വൊന്നുമില്ലെങ്കിലും ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം വർത്തമാനത്തിൽ വന്നുചേർന്നു. 'ഇന്നത്തെ കാലത്തെ ജനാധിപത്യ ജാഗ്രതകളായിരുന്നു' മലയാളം പ്രസംഗത്തിന് വിഷയം. ഇടുക്കി കരിമണ്ണൂർ സെന്റ് ജോസഫ് എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയായ തെരേസ് മാത്യു കൊല്ലത്തുനിന്നും പ്രസംഗത്തിനുള്ള എ ഗ്രേഡുമായിട്ടാണ് ഇടുക്കിക്ക് വണ്ടികയറുക. പതിനാറുപേർ പങ്കെടുത്ത മത്സരത്തിൽ ആറുപേർക്കാണ് എ ഗ്രേഡ് ലഭിച്ചത്. അദ്ധ്യാപകനായ ഉടുമ്പന്നൂർ മഞ്ഞക്കടമ്പിൽ സജി മാത്യുവിന്റെയും ഷീന ജോസഫിന്റെയും മകളാണ് തെരേസ് മാത്യു. കഴിഞ്ഞ വർഷവും പ്രസംഗത്തിന് എ ഗ്രേഡ് ലഭിച്ചിരുന്നു.