
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവ നൃത്ത ഇനങ്ങളിൽ തിളങ്ങാൻ തൃശൂർ സ്വദേശികളായ സഹോദരങ്ങൾ രണ്ടാം തവണയുമെത്തി.
തൃശൂർ പെരിങ്ങോട്ടുകരയിൽ നിന്ന് മഹേഷ്, ശ്രീദേവി ദമ്പതികളുടെ മക്കളായ നിരഞ്ജൻ ശ്രീലക്ഷ്മിയും മാനസ് മഹേശ്വരനുമാണ് വേദിയിൽ നിറയുന്നത്.
ഇന്നലെ വേദി നാല് ജയൻ സ്മൃതിയിൽ നടന്ന ഭരതനാട്യത്തിൽ എ ഗ്രേഡ് നേടി നിരഞ്ജൻ ശ്രീലക്ഷ്മി വരവറിയിച്ചു. നിരഞ്ജൻ സംസ്ഥാന കലോത്സവത്തിൽ നാലാം തവണയാണ് മത്സരിക്കുന്നത്. സഹോദരൻ മാനസ് രണ്ടാം തവണയും.
മാനസ് മഹേശ്വർ ഇത്തവണ ഭരതനാട്യം, കുച്ചിപ്പുടി, കേരള നടനം എന്നിവയിലാണ് പങ്കെടുക്കുന്നത്. ആർ.എൽ.വി. സുബേഷ് മാസ്റ്ററും കലാക്ഷേത്ര അമൽനാഥുമാണ് ഗുരുക്കൻമാർ. ജി.എച്ച്.എസ്.എസ് പെരിങ്ങോട്ടുകരയിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ നിരഞ്ജൻ മൂന്നു വയസ് മുതലാണ് നൃത്ത പഠനം തുടങ്ങിയത്. മാതാപിതാക്കൾ ട്യൂഷൻ അദ്ധ്യാപകരാണ്. അച്ഛൻ മഹേഷ് 1993, 94 സംസ്ഥാന കലോത്സവങ്ങളിൽ ഭരതനാട്യത്തിൽ മികച്ച വിജയം കരസ്ഥമാക്കിയിരുന്നു.