
കൊല്ലം: സ്ത്രീലമ്പടനെന്ന ആക്ഷേപം നിലനിൽക്കുന്ന വേളയിലാണ് സാക്ഷാൽ ശ്രീകൃഷ്ണന് പാഞ്ചാലിയുടെ സ്വയംവരം കാണാൻ പോകണമെന്ന ആഗ്രഹമുണ്ടായത്. പോയാൽ ആളുകൾ കളിയാക്കും, ഭാര്യ സത്യഭാമയെയും ചേട്ടൻ ബലരാമനെയും കൂടെക്കൂട്ടിയാണ് നാണക്കേടിൽ നിന്നൊഴിവായത്. തമാശകൾ നിറച്ചുവെച്ചുകൊണ്ട് അനന്തപുരിയുടെ അക്ഷയ് നിവേദ് വേദിയിലെത്തിയപ്പോൾ സദസിന് ചിരിപൊട്ടി. തിരുവനന്തപുരം കിളിമാന്നൂർ ആർ.ആർ.വി.ബി.വി.എച്ച്.എസ്.എസിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ് ഹൈസ്കൂൾ വിഭാഗം ചാക്യാർകൂത്തിൽ എ ഗ്രേഡ് സ്വന്തമാക്കിയ അക്ഷയ് നിവേദ്. പാഞ്ചാലീ സ്വയംവരം- കൃഷ്ണന്റെ ആഗമനം ഭാഗമാണ് ചാക്യാർകൂത്തായി അവതരിപ്പിച്ചത്. അദ്ധ്യാപകനായ കൊടുവഴന്നൂർ ബിനേഷ് ഭവനിൽ ആർ.രതീഷ് കുമാറിന്റെയും അനുജയുടെയും മകനാണ് . പൊതുവായൽ നാരായണ ചാക്യാരുടെ കീഴിൽ ഒരു വർഷമായി ചാക്യാർകൂത്ത് പഠിക്കുന്നു. കലാരംഗത്ത് സജീവമാകണമെങ്കിലും സയന്റിസ്റ്റാകാനാണ് മോഹം.