പുനലൂർ: നഗരസഭയിലെ പത്തേക്കർ വാർഡിൽ വാട്ടർ അതോറിട്ടിയുടെ ശുദ്ധജല വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് വിമുക്തഭടൻ ഒറ്റയാൾ സമരം നടത്തിയത് ശ്രദ്ധേയമായി.എക്സ്.സർവീസ് ലീഗ് മേഖല സെക്രട്ടറിയും പത്തോക്കർ സ്വദേശിയുമായ കുര്യൻ മാത്യുവാണ് സംഘടനയുടെ കൊടിയുമായി പുനലൂർ വാട്ടർ അതോറിട്ടി ഓഫീസിൽ എത്തി പ്രതിഷേധിച്ചത്. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം.കഴിഞ്ഞ ഒരാഴ്ചയായി വാർഡിലെ ഉയർന്ന പ്രദേശങ്ങളിലെ ജല വിതരണം മുടങ്ങി കിടക്കുകയാണെന്ന് വാർഡ് കൗൺസിലർ ഷൈൻ ബാബു പറഞ്ഞു. ജലവിതരണം മുടങ്ങിയത് കാരണം സർജ്ജറി കഴിഞ്ഞ് വീട്ടിനുളളിൽ കിടക്കുന്ന ഭാര്യയും കുടുംബവും അനുഭവിക്കുന്ന ദുഃഖം സഹിക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ചായിരുന്നു വിമുക്ത ഭടന്റെ പ്രതിഷേധം. സംഭവം അറിഞ്ഞെത്തിയ വാർഡ് കൗൺസിലറും സമരത്തിൽ ചേർന്നു. വാർഡിൽ നിരന്തരം കുടിവെള്ളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ നാട്ടുകാർ നിരവധി തവണ വാട്ടർ അതോറിട്ടിയുടെ ഓഫിസ് ഉപരോധിച്ചിരുന്നു. ഇന്നലെ ഉച്ചവരെ നീണ്ട പ്രതിഷേധത്തെ തുടർന്ന് രണ്ട് ദിവസത്തിനകം കുടിവെള്ള വിതരണം ആരംഭിക്കാമെന്ന ഉദ്യോഗസ്ഥരുടെ ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു.