photo

കൊല്ലം: വീട്ടിലെ സംഗീത കച്ചേരിക്ക് തബല വായിക്കുന്നത് ശ്രീവത്സനാണ്. സംസ്ഥാന കലോത്സവത്തിൽ ഇക്കുറി രണ്ടാം വരവായിരുന്നു. കഴിഞ്ഞ വർഷത്തെപ്പോലെതന്നെ മാന്ത്രിക വിരലുകളാൽ തബലയിൽ വിസ്മയം തീർത്താണ് ഇക്കുറിയും ശ്രീവത്സൻ എ ഗ്രേഡ് സ്വന്തമാക്കിയത്. പത്തനംതിട്ട കോന്നി ആർ.വി.എച്ച്.എസിലെ ഒൻപതാം ക്ളാസ് വിദ്യാർത്ഥിയാണ് എസ്.ശ്രീവത്സൻ. സംഗീത അദ്ധ്യാപകരായ കോന്നി മങ്ങാരം കല്ലുവിളയിൽ ആർ.ശ്രീകുമാറിന്റെയും തുഷാരയുടെയും മകനാണ്. പത്ത് വർഷമായി തബല വാദനം പഠിക്കുന്നെങ്കിലും വരുന്ന മാർച്ചിലാണ് അരങ്ങേറ്റം. അതുകൊണ്ട് വേദികളിൽ അച്ഛനൊപ്പം പോയിത്തുടങ്ങിയിട്ടില്ല. കച്ചേരിയുടെ തലേ ദിവസങ്ങളിലാണ് അച്ഛനും അമ്മയും പാട്ടുപെട്ടി തുറക്കുന്നത്. അപ്പോഴേക്കും ശ്രീവത്സനും അനുജൻ ശ്രീദേവും തബലയും മൃദംഗവുമായെത്തും. പിന്നെ അവരുടെ വിരലുകൾ മാന്ത്രിക സംഗീതമൊരുക്കും. അയൽക്കാരും കൂട്ടുകാരുമൊക്കെ മിക്കപ്പോഴും കാഴ്ചക്കാരായി ഓടിയെത്താറുമുണ്ട്. ഇന്നലെ ജപ്താൾ രാഗത്തിലാണ് തബലയിൽ ശ്രീവത്സൻ കൊട്ടിയുണർത്തിയത്. പതിനാലുപേർ പങ്കെടുത്ത മത്സരത്തിൽ നാലുപേർക്കാണ് എ ഗ്രേഡ് ലഭിച്ചത്.