എഴുകോൺ : ബുക്ക് ചെയ്ത കാർ സമയത്ത് നൽകാതെ കബളിപ്പിച്ചെന്ന പരാതിയിൽ ഡീലർക്ക് ഒരു ലക്ഷം രൂപ പിഴ വിധിച്ച് കൊല്ലം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. എഴുകോൺ കാരുവേലിൽ നികുഞ്ജത്തിൽ എസ്. ഷിബുവിന്റെ പരാതിയിലാണ് നടപടി. 2022 മാർച്ചിൽ കൊല്ലം ബൈപ്പാസ് റോഡിലെ ഷോറൂമിലെത്തി ഷിബു 14 ലക്ഷത്തോളം വിലയുള്ള കാർ ബുക്ക് ചെയ്തിരുന്നു. അഞ്ച് മാസത്തിനകം നൽകാമെന്ന കരാറിലാണ് 25000 രൂപ മുൻകൂർ നൽകി ബുക്ക് ചെയ്തത്. ഒക്ടോബറിൽ 8 ലക്ഷം രൂപ കൂടി വാങ്ങിയെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും വാഹനം ലഭിച്ചില്ല. തുടർന്ന് 2023 ജനുവരിയിൽ കോട്ടയത്തെ മറ്റൊര് ഷോ റൂമിൽ നിന്ന് ഇതേ വാഹനം ഷിബു വാങ്ങി. ഇതിനിടെ വാഹനത്തിന് വിലയിൽ വന്ന വർദ്ധനവ് നൽകേണ്ടിയും വന്നു. ഇതേ തുടർന്നാണ് മുൻകൂർ പണം നൽകിയിട്ടും പത്തു മാസത്തോളം കബളിപ്പിച്ച കൊല്ലത്തെ ഡീലർക്കെതിരെ ഷിബു കമ്മിഷനെ സമീപിച്ചത്. പരാതിക്കാരന് സാമ്പത്തികവും മാനസികവുമായി ബുദ്ധിമുട്ടുണ്ടായി എന്ന് കണ്ടെത്തിയാണ് കമ്മിഷൻ ഡീലർക്ക് പിഴ വിധിച്ചത്. ഒരു മാസത്തിനുള്ളിൽ ഒരു ലക്ഷം രൂപ നൽകണമെന്നാണ് വിധി. ബുക്കിംഗിനായി വാങ്ങിയ 8 ലക്ഷം രൂപ രണ്ട് തവണയായി ഡീലർ ഷിബുവിന് മടക്കി നൽകിയിരുന്നു.