കൊല്ലം: ജില്ലയിലെ ദേശീയപാതയുടെ കിഴക്കൻ മേഖലയെ ദേശീയപാത 66 വുമായി ബന്ധിപ്പിക്കുന്ന പ്രധാന ജംഗ്ഷനായ വേട്ടുതറയിൽ അടിപ്പാത നിർമ്മിക്കുന്നതിനുള്ള നിർദ്ദേശം ഉന്നത അധികരികൾ പരിശോധിച്ചു വരവേ വേട്ടുതറയിലെ നിർമ്മാണ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു തീർക്കുവാൻ കരാറുകാർ നടത്തുന്ന ശ്രമം അംഗീകരിക്കാനാവില്ലെന്നും പ്രദേശവാസികളുടെ ആവശ്യത്തിൻമേൽ തീരുമാനമുണ്ടാകുന്നതു വരെ വേട്ടുതറയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കണമെന്നും എൻ.കെ.പ്രേമചന്ദ്രൻ എം.പി പ്രോജക്ട് ഡയറക്ടറോടും കേരള റീജിയണൽ ഓഫീസറോടും ആവശ്യപ്പെട്ടു.
വേട്ടുതറയിൽ അടിപ്പാത നിർമ്മിക്കണമെന്നുളളത് സമീപത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും ആരാധനായലയങ്ങളുടെയും രാഷ്ട്രീയപാർട്ടികളുളടെയും പൊതുവായ ആവശ്യമാണ്. ഈ ആവശ്യം സംബന്ധിച്ച്ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും സാന്നിദ്ധ്യത്തിൽ യോഗം ചേർന്നതാണ്. പൊതുവായ ആവശ്യം പരിശോധിച്ച് തീരുമാനിക്കാമെന്ന് ബന്ധപ്പെട്ടവർ ഉറപ്പുനൽകിയതാണ്. എന്നാൽ പരിശോധ നടത്തി തീരുമാനം അറിയിക്കുന്നിതിന് മുമ്പുതന്നെ വേട്ടുതറയിലെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗതയിൽ ചെയ്യുന്നതിനുള്ള നീക്കം ന്യായികരിക്കാവുന്നതല്ല. ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരമുണ്ടാക്കാതെ നിർമ്മാണപ്രവർത്തനങ്ങളിൽ നടത്തുന്ന അമിതമായ തിടുക്കം വിപരീത ഫലമുണ്ടാക്കും.
വേട്ടുതറയിൽ അടിപ്പാത വേണമെന്നുള്ള ആവശ്യത്തിന്മേലുള്ള ദേശീയപാത അതോറിട്ടി ഒഫ് ഇന്ത്യയുടെ പരിശോധന പൂർത്തീകരിച്ച് തീരുമാനമുണ്ടാകുന്നതു വരെ വേട്ടുതറയിലെ നിർമ്മാണ പ്രവർത്തനം നിറുത്തിവയ്ക്കുകയാണ് ഉചിതമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.