കൊല്ലം: അദ്ധ്യാപികയുടെ റോൾ ഒഴിഞ്ഞ് വിദ്യാർത്ഥികൾക്കൊപ്പം നൃത്തം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് നടിയും നർത്തകിയുമായ ആശാശരത്ത് പറഞ്ഞു. വേദി നാല് ജയൻ സ്മൃതിയിൽ ഭരതനാട്യ മത്സരം കണ്ട ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
മത്സരങ്ങളെ ടെൻഷനോടെ സമീപിക്കാതെ ഉത്സവങ്ങൾ പോലെ ആഘോഷമാക്കണം. മത്സരമെന്നതിലുപരി വേദിയിലെത്താനുള്ള അവസരത്തെ പോസിറ്റിവായെടുക്കണം. ഞാൻ പങ്കെടുത്ത കലോത്സവം 90 കൾക്ക് മുൻപായിരുന്നു. അന്ന് കുച്ചിപ്പുടി, കഥകളി, മോഹിനിയാട്ടം എന്നീ ഇനങ്ങളിലാണ് പങ്കെടുത്തത്. കുച്ചിപ്പുടി, കഥകളി മത്സരങ്ങളിൽ മികച്ച നേട്ടവും കരസ്ഥമാക്കി. അക്കാലത്ത് ഭരതനാട്യമുൾപ്പെടെയുള്ള മത്സരങ്ങൾക്ക് ലൈവ് ഓർക്കസ്ട്രയാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് അത് റെക്കോർഡിംഗിലേക്ക് മാറി. എല്ലാവർക്കും കലോത്സവത്തിൽ മത്സരിക്കാനുള്ള സാഹചര്യമുണ്ട്. വിധികർത്താവിന്റെ ജോലി വെല്ലുവിളി നിറഞ്ഞതാണെന്നും കലോത്സവങ്ങളിൽ വിധികർത്താവാകാൻ താത്പര്യമില്ലെന്നും ആശാ ശരത്ത് പറഞ്ഞു. മകൾ ഉത്തര ഒപ്പമുണ്ടായിരുന്നു.