salma

കൊല്ലം: 'ആ നരാധമൻ കടിച്ചുകീറുമ്പോൾ, എന്നെ കടിച്ചുകീറുമ്പോൾ, ഞാൻ എത്രമാത്രം വേദന അനുഭവിച്ചെന്ന് നിങ്ങൾക്കറിയുമോ. മധുരം നൽകി അയാൾ എന്നെ മരണത്തിലേക്ക് വിളിച്ചുകൊണ്ടുപോകുകയായിരുന്നില്ലേ. എന്റെ കുഞ്ഞുജീവനൊപ്പം ഒരായിരം സ്വപ്നങ്ങളല്ലേ ആ ക്രൂരൻ കവർന്നെടുത്തത്....' ഹൈസ്കൂൾ വിഭാഗം അറബിക് മോണോആക്ടിൽ സൽമാബായി ആലുവയിലെ അഞ്ചുവയസുകാരിയായി പുനർജനിച്ച് ചോദ്യങ്ങൾ ഉയർത്തിയപ്പോൾ സദസിൽ പലരുടെയും കണ്ണ് നിറഞ്ഞു.

അമ്മയുടെ ഉദരത്തിൽ മാത്രമേ പെൺകുഞ്ഞുങ്ങൾക്ക് സുരക്ഷയുള്ളുവെന്ന് പറഞ്ഞുകൊണ്ടാണ് അലുവയിലെ അഞ്ചുവയസുകാരിയുടെ നിലവിളി സദസിന് കൈമാറി കായംകുളം കെ.ഐ.ടി ഇംഗ്ലീഷ് എച്ച്.എസ് വിദ്യാർത്ഥിനിയായ സൽമാബായി വേദിയിൽ നിന്നിറങ്ങിയത്. സങ്കടങ്ങളും നിലവിളികളും മനസിലാക്കാൻ ഭാഷ പ്രശ്നമല്ലെന്ന് കൂടി വ്യക്തമാക്കുന്നതായിരുന്നു അറബിക് മോണോആക്ട്. അഞ്ചുവയസുകാരിയുടെ ഭാവങ്ങളെല്ലാം ഉപേക്ഷിച്ച് അമ്മയ്ക്കരികിലേക്ക് എത്തിയ സൽമാബായിയെ സദസിലുണ്ടായിരുന്ന അറബ് അറിയാത്ത പലരുമെത്തി അഭിനന്ദിച്ചു.

മോണോആക്ടിൽ പങ്കെടുത്ത ഭൂരിഭാഗം വിദ്യാർത്ഥികളും ആലുവയിലെ പെൺകുട്ടിയേതടക്കം പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളാണ് അവതരിപ്പിച്ചത്, ലഹരി ഉപയോഗത്തിൽ തകരുന്ന കൗമാരവും പാലസ്തീന്റെ നിലവിളികളും മോണോ ആക്ട് വേദിയിൽ കേട്ടു.