
കൊല്ലം: മുടിവെട്ടുന്നതിനിടയിൽ ഇനി അനീസ് ഖാന് പാട്ടുമാത്രമല്ല, മകളുടെ കന്നിവിജയത്തിന്റെ സന്തോഷം കൂടി പങ്കിടാനുണ്ട്. മകൾ കൊട്ടാരക്കര വെണ്ടാർ ശ്രീവിദ്യാധിരാജ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിനി എ.എസ്.അനുപല്ലവി ഇന്നലെ ഉറുദു പദ്യം ചൊല്ലലിലാണ് എ ഗ്രേഡ് സ്വന്തമാക്കിയത്. കൊട്ടാരക്കരയിലെ ജെൻസ് ബ്യൂട്ടി പാർലറിലെ ജീവനക്കാരനായ കോട്ടാത്തല മൂഴിക്കോട് ശ്രുതി ഭവനിൽ അനീസ് ഖാൻ ഗാനമേള ട്രൂപ്പിലെ അംഗമായിരുന്നു. കോട്ടയം മെഗാബീറ്റ്സിൽ ഓൾറൗണ്ടർ ഗായകനായി തിളങ്ങുമ്പോഴായിരുന്നു കൊവിഡിന്റെ വരവ്, അന്ന് കത്രിക കയ്യിലെടുത്ത് മുടിവെട്ടുകാരനായി. കത്രികത്താളത്തിൽ ലൈവ് പാട്ടുകൾ പാടിയാണ് ബ്യൂട്ടി പാർലറിൽ അനീസ് ഖാൻ ജോലി ചെയ്യുന്നത്. കടയിലെത്തുന്നവർ ആവശ്യപ്പെടുന്ന പാട്ടുകൾ പാടാനും മടിയില്ല. അച്ഛന്റെ സംഗീതമാണ് മക്കളായ അനുപല്ലവിക്കും ചരണിനും പകർന്നു കിട്ടിയത്. അനുപല്ലവി നൃത്തത്തിലുംമികവ് തെളിയിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്നത്. പതിനഞ്ചുപേർ പങ്കെടുത്ത കടുത്ത മത്സരത്തിലാണ് അനുപല്ലവി എ ഗ്രേഡ് നേടിയത്. അനുപല്ലവിക്കൊപ്പം അച്ഛനും അനുജനും കലോത്സവ നഗരിയിലെത്തിയിരുന്നു.