കൊല്ലം: കലോത്സവ വേദിയിലേക്ക് മത്സരാർത്ഥികളുമായി പോയ അദ്ധ്യാപികയുടെ പക്കൽ നിന്ന് അമിത കൂലി ഈടാക്കിയ ഓട്ടോറിക്ഷ ട്രാഫിക് പൊലീസ് കസ്റ്റഡിയിലെടുത്തു. പള്ളിമുക്ക് സ്വദേശി ഷാഹുൽ ഹമീദിന്റെ ഓട്ടോയാണ് കസ്റ്റഡിയിലെടുത്തത്.പുളിയത്ത് മുക്കിൽ നിന്ന് സെന്റ് ജോസഫിലെ വേദിയിലേക്ക് പോയ തലശേരിയിൽ നിന്നു മത്സരാർത്ഥികളുമായി എത്തിയ അദ്ധ്യാപികയിൽ നിന്നാണ് അമിത ചാർജ്ജ് ഈടാക്കിയത്. വേദിയ്ക്ക് മുന്നിലെത്തിയപ്പോൾ അദ്ധ്യാപിക മീറ്ററിൽ കണ്ട തുകയായ 80 രൂപ ഓട്ടോ ഡ്രൈവറായ ഷാഹുൽ ഹമീദിന് നൽകി. എന്നാൽ 150 രൂപ വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ബഹളം വച്ചതിനെ തുടർന്ന് അദ്ധ്യാപിക പണം നൽകുകയും ഓട്ടോയുടെ ചിത്രം ഫോണിൽ പകർത്തുകയും ചെയ്തു. ശേഷം വിവരം ട്രാഫിക് പൊലീസിന് കൈമാറി. ട്രാഫിക് പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയാണ് ഓട്ടോ കസ്റ്റഡിയിലെടുത്തത്. ഓട്ടോയുടെ പെർമിറ്റ് റദ്ദ് ചെയ്യാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകുമെന്ന് ട്രാഫിക് പൊലീസ് പറഞ്ഞു. അമിത ഓട്ടോക്കൂലി ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് എസ്.ഐ സുരേഷ് പറഞ്ഞു.